പഠനം ഓൺലൈനായപ്പോൾ കുട്ടികൾക്കെതിരായ സൈബർ കുറ്റകൃത്യങ്ങളും വർധിച്ചു: കേരള പൊലീസ്

തിരുവനന്തപുരം: ലോക്ഡൗൺ കാലത്ത് കുട്ടികൾക്കെതിരായ സൈബർ കുറ്റകൃത്യങ്ങള്‍ വർധിക്കുമ്പോൾ ബോധവത്കരണവും നടപടികളുമായി പ്രതിരോധം തീർക്കുകയാണ് കേരള പോലീസ്. ഇന്റര്‍പോളിന്‍റെ സഹായത്തോടെ നടക്കുന്ന പി ഹണ്ടിലൂടെ സൈബര്‍ കുറ്റകൃത്യങ്ങള്‍ക്ക് വലിയ തോതില്‍ പോലീസിന് തടയിടാനായി. സൈബര്‍ ഇടങ്ങളിലെ കുട്ടികളുടെ ഇടപെടലുകള്‍ അതിരുവിടാതിരിക്കാന്‍ രക്ഷിതാക്കളും പ്രത്യേകം ശ്രദ്ധിക്കണമെന്ന് ക്രൈംബ്രാഞ്ച് ഐജി എസ് ശ്രീജിത്ത് പറഞ്ഞു.
കോവിഡിൽ പഠനം അടക്കം എല്ലാം ഓൺലൈനായപ്പോൾ കുഞ്ഞുങ്ങൾ സൈബർ അക്രമങ്ങൾക്ക് ഇരയാകുന്നതും കൂടി. പഠനത്തിനും വിനോദത്തിനും ഒരുപോലെ ആശ്രയം ആകുന്ന ഓണ്‍ലൈന്‍ സൈറ്റുകളും, ഗെയിമുകളും ചൂഷണത്തിന് വഴി ഒരുക്കി. അജ്ഞാത സൈറ്റുകളിൽ ആകൃഷ്ടരാകുന്നതും അപരിചിതരുമായുള്ള ഓൺലൈൻ സൗഹൃദങ്ങളും സുരക്ഷ വിവരങ്ങൾ ഹാക്കർമാരുടെ കൈയിൽ എത്തിച്ചെന്ന് പൊലീസ് അന്വേഷണത്തിൽ തെളിയുന്നു. അശ്ലീല സൈറ്റുകൾ തേടി പോകുന്ന കൗമാരക്കാരും, ഈ കെണിയിൽ വീണു പോകുന്ന കൗമാരക്കാരും തുല്യമാണ്. കുട്ടികള്‍ക്കെതിരായ സൈബര്‍ കുറ്റകൃത്യങ്ങള്‍ അന്വേഷിയ്ക്കുന്ന ഓപ്പറേഷന്‍ പി-ഹണ്ടിന്‍റെ ഭാഗമായുള്ള സംസ്ഥാന വ്യാപക പരിശോധനയിൽ കേസുകളുടെ എണ്ണം 1,000 വരെ എത്തി നിൽക്കുന്നു. നിയമത്തിലെ പഴുതുകൾ ഉപയോഗിച്ച് രക്ഷപെടുന്നവരെ പൊക്കാൻ ഇന്റർപോൾ സഹായമടക്കം ഉറപ്പാക്കിയിയുണ്ട് പോലീസ്.
ഇത്തരം സൈറ്റുകളെ കുറിച്ചുള്ള വിവരം കൈമാറാൻ വെബ് പോർട്ടൽ, പ്രത്യേക ഫോൺ നമ്പര്‍ എന്നിവയും പോലീസ് രൂപീകരിച്ചിട്ടുണ്ട്.







