കോവിഡ് പോസിറ്റീവായിരുന്ന പൊന്നാങ്കയം സ്വദേശിയുടെ മൃതദേഹം സംസ്‌കരിച്ചു

തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ പുല്ലുരാംപാറ പൊന്നാങ്കയം സ്വദേശിയായ മൈക്കിൾ ഇന്നലെ മരണപ്പെടുകയും മരണശേഷം നടത്തിയ കോവിഡ് പരിശോധനയിൽ രോഗം സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. പുല്ലൂരാംപാറ പള്ളിപ്പടിയിൽ ഓട്ടോ ഡ്രൈവറായ മൈക്കിളിന്റെ മൃതദേഹം പുല്ലൂരാംപാറ സെൻ്റ് ജോസഫ് ദേവാലയത്തിൽ സഭാ നടപടി പ്രകാരം ഇന്ന് സംസ്കരിച്ചു. കോവിഡ് ബാധിച്ചു മരിക്കുന്ന വ്യക്തികളെ തിരിഞ്ഞു നോക്കാൻ പോലും വിമുഖത കാണിക്കുന്ന ഈ കാലത്ത് പുല്ലുരാംപാറ സെൻ്റ് ജോസഫ്‌സ് ദേവാലയം സഭാ നടപടികൾ പ്രകാരം സംസ്കാരം നടത്താൻ മുൻകൈ എടുത്തത് തീർത്തും മാതൃകാപരമാണ്.
ഇടവക വികാരി ഫാദർ തോമസ് പൊരിയത്തിന്റെയും, അസിസ്റ്റന്റ് വികാരിയുടെയും നേത്യത്വത്തിൽ തിരുവമ്പാടി പഞ്ചായത്ത് ആർ ആർ ടി ക്യാപ്റ്റർ മെവിൻ, ടെനി ചിറമുഖം, വാർഡ് മെമ്പർ വിൽസൺ താഴത്തുപറമ്പിൽ, വാർഡ് ജെ എച്ച് ഐ ഡിസ്മിയ, തിരുമ്പാടി പോലീസ് ഇൻസ്പെക്ടർ ബേബി, ജനമൈത്രി പോലീസ് ഓഫീസർ ജിനീഷ് കുര്യൻ എന്നിവർ ചേർന്നാണ് കോവിഡ് പ്രോട്ടോകോൾ പ്രകാരം മൃതദേഹം സംസ്കരിച്ചത്. പി പി ഇ കിറ്റുകൾ ധരിച്ച് വളരെ പരിമിതമായ വ്യക്തികളുടെ സാന്നിധ്യത്തിലാണ് സംസ്കാര ശുശ്രൂഷകൾ നടന്നത്.







