തിരഞ്ഞെടുപ്പ് അടുത്തിട്ടും ദുരിതംപേറി തിരുവമ്പാടിയിലെ റോഡ് ഗതാഗതം

തിരുവമ്പാടി: കൈതപോയിൽ അഗസ്ത്യൻമുഴി റോഡ് നിർമാണം ഇഴഞ്ഞു നീങ്ങുന്ന സാഹചര്യത്തിൽ തിരുവമ്പാടി ടൗണിലൂടെയും സമീപ പ്രദേശങ്ങളിലൂടെയും ഉള്ള ഗതാഗതം നാട്ടുകാർക്ക് ദുരിതമായി മാറുകയാണ്.
റോഡ് നികത്തുന്നതിന്റെ ഭാഗമായി മണ്ണെടുത്ത ഭാഗങ്ങളിൽ മഴകൂടി പെയ്തതോടെ അപകടങ്ങൾ തുടർക്കഥയാകുകയാണ്. ഇന്നും ഇന്നലെയുമായി നിരവധി വാഹനങ്ങളാണ് തിരുവമ്പാടി ടൗണിൽ ഫോറസ് പ്ലാസക്ക് മുൻപിൽ രൂപപ്പെട്ട ചെളിയിൽ പെട്ട് അപകടങ്ങൾ സംഭവിച്ചത്. മണ്ണെടുത്തു രൂപപ്പെട്ട ചെളി ടൗണിലെ റോഡിലുടനീളം പരന്നതും അപകട സാധ്യത വർധിപ്പിച്ചിട്ടുണ്ട്.
റോഡ് എത്രയും പെട്ടെന്ന് താൽകാലികമായെങ്കിലും ഗതാഗത യോഗ്യമാക്കണമെന്നുള്ള നിരന്തരമായ ആവശ്യം കണ്ടില്ലെന്ന് നടിക്കുകയാണ് അധികാരികളും കരാറുകാരും എന്ന് നാട്ടുകാർ ആരോപിക്കുന്നു. നാട്ടുകാരുടെ പ്രക്ഷോഭങ്ങളെ തുടർന്ന് ചെളി നീക്കം ചെയ്യാനുള്ള പ്രവർത്തികൾ ആരംഭിച്ചുവെങ്കിലും കരാറുകാരായ നാഥ് കൺസ്ട്രക്ഷൻസ് യാതൊരു മുൻകരുതലുകളും ഇല്ലാതെ നടത്തുന്ന തീർത്തും അശാസ്ത്രീയമായ പ്രവർത്തനങ്ങളിൽ പൊറുതി മുട്ടിയിരിക്കുകയാണ് പൊതുജനം. പൊതുജനത്തെ ബുദ്ധിമുട്ടിക്കുക എന്നത് മാത്രമാണ് കരാറുകാരുടെ ഉദ്ദേശ്യം എന്നും, ഇത്തരത്തിൽ മുന്നോട്ട് പോവുകയാണെങ്കിൽ ശക്തമായ പ്രതിഷേധ സമരവുമായി വ്യാപാരികൾ രംഗത്ത് വരുമെന്നും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡണ്ട് ജിജി കെ തോമസ് പറഞ്ഞു.







