Mukkam

മുക്കത്തും പരിസരത്തും അനധികൃത വിദേശംമദ്യം വിൽപ്പന നടത്തുന്നയാൾ മുക്കം പോലീസിന്റെ പിടിയിൽ

അനധികൃതമായി സ്വകാര്യ ബാറിൽ നിന്നും വിദേശമദ്യം കൊണ്ടുവന്നു വിൽപ്പനനടത്തുന്ന കാരശ്ശേരി കളരിക്കണ്ടി വളപ്പിൽ പത്മരാജനാണ് മുക്കം പോലീസിന്റെ പിടിയിലായി. ഇയാളിൽ നിന്നും വിൽപ്പനക്കായി കൊണ്ടുവന്ന പതിനഞ്ചു കുപ്പി വിദേശം മദ്യം പോലീസ് കണ്ടെടുത്തു. വരാനിരിക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള ഇലക്ഷനോടനുബന്ധിച്ചു അനധികൃത മദ്യ വിൽപ്പന സജീവമായതായി വിവരം ലഭിച്ചതിനെ തുടർന്ന് കോഴിക്കോട് റൂറൽ ജില്ലാ പോലീസ് മേധാവി ഡോ.എ. ശ്രീനിവാസ് ഐപിഎസിന്റെ നിർദേശപ്രകാരം മുക്കം പോലീസ് നടത്തിയ പഴുതടച്ച നീക്കത്തിലാണ് ഇയാൾ പിടിയിലായത്. കഴിഞ്ഞ കുറച്ചു ദിവസമായി ഇയാളുടെ നീക്കങ്ങൾ അന്വേഷണ സംഘം രഹസ്യമായി നിരീക്ഷിച്ചു വരികയായിരുന്നു.

ഇയാൾ സ്ഥിരമായി മദ്യം ശേഖരിച്ചു വില്പന നടത്തുന്നതായി അന്വേഷണ സംഘം മനസ്സിലാക്കിയിരുന്നു. തുടർന്ന് ഇന്ന് ഉച്ചയോടെ വിൽപ്പനയ്ക്കുള്ള ഒരു ബാഗ് നിറയെ മദ്യവുമായി ഇയാൾ കാരശ്ശേരി പഞ്ചായത്തിന് മുൻവശത്തുള്ള ബസ്സ്റ്റോപ്പിൽ എത്തിയതറിഞ്ഞ അന്വേഷണ സംഘം പ്രതിയെ പിടികൂടുകയായിരുന്നു.

ലോക്ക്ഡൌൺ തുടങ്ങിയതോടെ മലയോര പ്രദേശത്തു അനധികൃത മദ്യ വിൽപ്പന സജീവമാണ്. ലോക്ക്ഡൗണിനു കൂടുതൽ ഇളവുകൾ അനുവദിച്ചതും ഇലക്ഷൻ അടുത്തതോടെ മദ്യത്തിന് ആവശ്യക്കാർ കൂടിയതും അനധികൃത മദ്യ വിൽപ്പന സജീവമാകുന്നതിനു കാരണമായിട്ടുണ്ട്. വരും ദിവസങ്ങളിലും അനധികൃത മദ്യ വിൽപ്പന തടയുന്നതിനു വേണ്ട കർശന നടപടികൾ സ്വീകരിക്കുമെന്ന് മുക്കം ഇൻസ്‌പെക്ടർ എസ്. നിസ്സാം അറിയിച്ചു.

മുക്കം ഇൻസ്‌പെക്ടർ എസ്. നിസ്സാമിന്റെ മേൽനോട്ടത്തിൽ പ്രിൻസിപ്പൽ എസ്.ഐ.ഷാജിദ്. കെ, സീനിയർ സിവിൽ പോലീസ് ഉദ്യോഗസ്ഥനായ കാസിം മേപ്പള്ളി,രജീഷ് സിവിൽ പോലീസ് ഉദ്യോഗസ്ഥരായ ഷെഫീഖ് നീലിയാനിക്കൽ, ലീന എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.

Related Articles

Leave a Reply

Back to top button