ഉദ്ഘാടനത്തിനൊരുങ്ങി സൂപ്പർ എം ആർ എഫ്

തിരുവമ്പാടി: പ്ലാസ്റ്റിക് മാലിന്യ സംസ്കരണ രംഗത്ത് പുതു ചരിത്രം എഴുതികൊണ്ട് കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് സൂപ്പർ എം ആർ എഫ് (മെറ്റീരിയൽ റിക്കവറി ഫെസിലിറ്റി സെന്റർ) ഉദ്ഘാടനത്തിനൊരുങ്ങുന്നു. കോവിഡ് പ്രോട്ടോക്കോൾ പാലിച്ചുകൊണ്ട് ആഗസ്ത് ഒന്നിന് രാവിലെ 10 മണിക്ക് കേരള തൊഴിൽ എക്സൈസ് വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണൻ പദ്ധതി ഉദ്ഘാടനം നിർവഹിക്കും. തിരുവമ്പാടി എം എൽ എ ജോർജ് എം തോമസ് അധ്യക്ഷത വഹിക്കും, കൊടുവള്ളി എം എൽ എ കാരാട്ട് റസാഖ് മുഖ്യാതിഥിയാവും.
ശുചിത്വ മിഷൻ, ക്ലീൻ കേരള എന്നിവയുടെ സാങ്കേതിക സഹായത്തോടെ കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് എഴുപത്തിയഞ്ച് ലക്ഷം രൂപ ചിലവഴിച്ച് തിരുവമ്പാടി ഗ്രാമപ്പഞ്ചായത്ത് അനുവദിച്ച സ്ഥലത്ത് കെട്ടിടവും അനുബന്ധ യന്ത്രങ്ങളും ഒരുക്കുകയും തിരുവമ്പാടി ഗ്രാമപ്പഞ്ചായത്ത് അറുപത് ലക്ഷം രൂപ ചിലവഴിച്ച് ട്രാൻസ്ഫോർമർ, നാനൂറ് മീറ്റർ റോഡ്, വാട്ടർ പൈപ്പ് ലൈൻ എന്നിവ ഓരുക്കുകയും ചെയ്താണ് പദ്ധതി പൂർത്തീകരിച്ചത്.
കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ ഉൾപ്പെടുന്ന ഒൻപത് പഞ്ചായത്തുകൾക്ക് നിലവിൽ പദ്ധതിയുടെ ഗുണം ലഭിക്കും. പദ്ധതിക്ക് ആവശ്യമായ സാങ്കേതിക സഹായം അക്രഡിറ്റെഡ് ഏജൻസിയായ ‘നിറവ്’ വേങ്ങേരി നൽകും.
കേന്ദ്ര സർക്കാരിന്റെ നിർമ്മൽ പുരസ്ക്കാരം നേടിയ കൊടുവള്ളി ബ്ലോക്ക് പഞ്ചായത്തും തിരുവമ്പാടി ഗ്രാമപഞ്ചായത്തും കേളത്തിലെ മാലിന്യ സംസ്കരണ രംഗത്ത് പുതിയ ചരിത്രം കുറിക്കുകയാണെന്നും കോവിഡ് 19 ഭീതി നിലനിൽക്കുന്നതിനാൽ പ്രോട്ടോക്കോൾ പാലിച്ചുകൊണ്ട് നടത്തപ്പെടുന്ന ചടങ്ങുകൾ ഓൺലൈനായി സംപ്രേഷണം ചെയ്യുന്നതാണെന്നും ഏവരെയും ഓൺലൈൻ സാക്ഷികളാകാൻ ക്ഷണിക്കുന്നുവെന്നും പഞ്ചായത്ത് പ്രസിഡന്റ് പി ടി അഗസ്റ്റിൻ അറിയിച്ചു.







