അഗസ്ത്യൻമുഴി-കൈതപ്പോയിൽ റോഡ് ടാറിങ് കിഫ്ബിയുടെ മൊബൈൽ യൂണിറ്റ് ക്വാളിറ്റി പരിശോധന നടത്തി

ആദ്യഘട്ട ടാറിങ് പ്രവർത്തി പൂർത്തിയാക്കിയ അഗസ്ത്യൻമുഴി-കൈതപ്പോയിൽ റോഡിന്റെ നിലവിൽ ടാറിങ് നടത്തിയ ഭാഗം കിഫ്ബിയുടെ പരിശോധനാ സംഘം സന്ദർശിച്ച് പരിശോധന നടത്തി. കിഫ്ബി മൊബൈൽ ക്വാളിറ്റി മാനേജ്‌മെന്റ് യൂണിറ്റിന്റെ നേതൃത്വത്തിൽ ക്വാളിറ്റി കൺട്രോൾ എഞ്ചിനീയർ കെ ഷാബു കുമാർ, അസിസ്റ്റന്റ് എഞ്ചിനീയർ നിധിൻ രാജ്, കരാറുകരായ നാഥ് കൺസ്ട്രക്ഷൻസ് പ്രോജക്ട് മാനേജർ ജംഷിദ് എന്നിവർ ചേർന്നാണ് മൂന്നോളം ഇടങ്ങളിൽനിന്ന് സാമ്പിളുകൾ ശേഖരിച്ച് പരിശോധന നടത്തിയത്. ആവശ്യമായ അസംസ്‌കൃത വസ്തുക്കൾ വേണ്ട വിധത്തിൽ ഉപയോഗിച്ചിട്ടുണ്ടോ എന്നത് സംബന്ധിച്ചാണ് പ്രധാനമായും പരിശോധന നടത്തിയത്. ഏതെങ്കിലും തരത്തിലുള്ള അപാകതകൾ ഉണ്ടെങ്കിൽ അവ പൂർണമായും കണ്ടെത്താനാവുമെന്നും പരിശോധനയിൽ യാതൊരുവിധ കൃത്രിമവും നടത്താൻ സാധിക്കുകയില്ലെന്നും കിഫ്ബി അധികൃതർ വ്യക്തമാക്കി.
റോഡിന്റെ ആദ്യഘട്ട ടാറിങ് ആരംഭിച്ചയുടനെ ടാറിങ് നടത്തിയതിൽ അപാകത ആരോപിച്ച് നാട്ടുകാർ രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തിൽ ഇന്ന് നടത്തിയ പരിശോധന ഏറെ നിർണായകമാണ്. ടാറിങ്ങിന്റെ ക്വാളിറ്റിയോടൊപ്പം മറ്റ് അളവുകളും സംഘം പരിശോധിച്ചു. പരിശോധനയുടെ ഫലം സംഘം കിഫ്ബിയെ നേരിട്ട് അറിയിക്കും.






