കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റ ഓട്ടോ ഡ്രൈവർക്ക് അർഹമായ നഷ്ടപരിഹാരം നൽകണം: ഐ എൻ ടി യു സി

കോടഞ്ചേരി: കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റ ഓട്ടോ ഡ്രൈവർക്ക് അർഹമായ നഷ്ടപരിഹാരം നൽകണമെന്ന് ഓട്ടോ ഡ്രൈവേഴ്സ് യൂണിയൻ (ഐ എൻ ടി യു സി ) നെല്ലിപ്പൊയിൽ യൂണിറ്റ് ആവശ്യപ്പെട്ടു.കഴിഞ്ഞ ദിവസം പകൽ 12 മണിക്ക് അടിവാരം പെട്രോൾ പമ്പിൽ നിന്നും ഡീസലടിച്ച് പുറത്തേക്ക് വരുമ്പോൾ അപ്രതീക്ഷിതമായി കാട്ടുപന്നി വണ്ടിക്കിട്ട് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർ നെല്ലിപ്പൊയിൽ സ്വദേശി മാലിശ്ശേരിൽ ബിജുവിൻ്റെ ദേഹത്തേക്ക് പതിക്കുകയായിരുന്നു.
അപകടം കണ്ട് ഓടി കൂടിയ നാട്ടുകാരാണ് വണ്ടിക്കടിയിൽ കുടുങ്ങിയ ബിജുവിനെ പുറത്തെടുത്തത്. ബിജു പ്രാഥമിക ചികിൽസക്കു ശേഷം വീട്ടിൽ വിശ്രമത്തിലാണ്. കാട്ടുപന്നിയുടെ ആക്രമണം നിരന്തരം ഉണ്ടാകാറുണ്ടങ്കിലും നഷ്ടപരിഹാരം നൽകാൻ അധികൃതർ തയ്യാറാകുന്നില്ല. പട്ടാപ്പകൽ പോലും സ്വൈര്യ ജീവിതം ഇല്ലാതാക്കുന്ന കാട്ടുമൃഗങ്ങളിൽ നിന്നും ജനങ്ങളെ സംരക്ഷിക്കാൻ വനപാലകർ തയ്യാറാകണമെന്നും യോഗം ആവശ്യപ്പെട്ടു.
ഐ എൻ ടി യു സി കോടഞ്ചേരി മണ്ഡലം പ്രസിഡണ്ട് ഫ്രാൻസിസ്ചാലിൽ അധ്യക്ഷം വഹിച്ചു. ജില്ലാ വൈസ് പ്രസിഡണ്ട് കെ.എം പൗലോസ്, നിയോജക മണ്ഡലം പ്രസിഡണ്ട് ടോമി ഇല്ലിമൂട്ടിൽ, മോട്ടോർ തൊഴിലാളി ഫെഡറേഷൻ നിയോജക മണ്ഡലം പ്രസിഡണ്ട് ബിജു ഓത്തിക്കൽ, വാർഡ് മെമ്പർ റോസമ്മ കയത്തുങ്കൽ , ന്യൂനപക്ഷ കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡണ്ട് സേവ്യർ കുന്നത്തേട്ട്, ഐ എൻ ടി യു സി നെല്ലിപ്പൊയിൽ യൂണിറ്റ് സെക്രട്ടറി ജോയി എമ്പ്രയിൽ, ബേബി കളപ്പുരക്കൽ, എന്നിവർ ഓൺലൈനായി നടത്തിയ യോഗത്തിൽ പങ്കെടുത്തു.







