Mukkam

ഓൾ കേരള ടി.ടി.ഐ. ഫുട്ബോൾ ടൂർണമെന്റ്; ലോഗോയും പ്രമോഷന്‍ വീഡിയോയും പ്രകാശനം ചെയ്തു

മുക്കം : ഫെബ്രുവരി 28ന് മുക്കത്ത് വെച്ച് നടക്കുന്ന ഓൾ കേരള ടി.ടി.ഐ ഫുട്ബോൾ ടൂർണമെന്റിന്റെ ലോഗോ പ്രകാശനം മുക്കം എം.എം.ഒ ഓർഫനേജ് സെക്രട്ടറി വി.അബ്ദുല്ലക്കോയ ഹാജി നിർവ്വഹിച്ചു.പ്രമോഷൻ വീഡിയോ റിലീസ് ഫുട്ബോൾ അസോസിയേഷന്‍ കോഴിക്കോട് ജില്ലാ സെക്രട്ടറി അസീസ് നിർവഹിച്ചു. കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് മെമ്പർ ഫസൽ റഹ്മാൻ മുഖ്യാതിഥിയായി.

കേരളത്തില്‍ ഇതാദ്യമായിട്ടാണ് സംസ്ഥാന തലത്തില്‍ ടി.ടി.ഐ. ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിക്കപ്പെടുന്നത്. ഭാവിതലമുറയെ വിവേചനരഹിതമായി നയിക്കുവാന്‍ അധ്യാപകർ പരിശീലന ഘട്ടത്തിൽ തന്നെ അഭ്യസ്തരാവേണ്ടതുണ്ട്. അതിന് പ്രചോദനമാവുന്ന തരത്തിലുള്ള ഇത്തരം പരിപാടികളാണ് അധ്യാപകവിദ്യാർത്ഥികൾ ആസൂത്രണം ചെയ്തു നടപ്പാക്കേണ്ടതെന്ന് അദ്ദേഹം സൂചിപ്പിച്ചു.

എം.എ.എം ടി.ടി.ഐ പ്രിൻസിപ്പൽ മുഹമ്മദ് സലീം എൻ.കെ, ഹിറ റെസിഡൻഷ്യൽ സ്കൂൾ പ്രൻസിപ്പൽ ആന്റണി, അബ്ദു റഷീദ് വി, ആബിദ് എൻ.കെ, അബ്ദു റഷീദ് കെ, അസീം അലി അഹ്മദ്, ഷാറൂഖ് അസ്ലം, ഇജാസ് അഹ്മദ്, അബൂബക്കര്‍ റാഫി, അനീഷ് കെ ജോസ്, സിനാൻ മുഹമ്മദ്, ഫസീഹ് റഹ്മാൻ തുടങ്ങിയവർ പരിപാടിയിൽ സംബന്ധിച്ചു.

കേരളത്തിലെ വിവിധ ടി.ടി.ഐകൾ ഇതിനോടകം ടൂർണമെന്റിൽ പങ്കെടുക്കാനായി മൂന്നോട്ട് വന്നിട്ടുണ്ട്. കോവിഡ് കാലപ്രതിസന്ധി ഘട്ടത്തിൽ ലഭിക്കേണ്ട വിവിധ അനുഭവ പരിപാടികള്‍ ലഭിക്കാതെ വന്നപ്പോഴാണ് വിദ്യാര്‍ത്ഥികളും അധ്യാപകരും ഇത്തരം ഉദ്യമങ്ങള്‍ക്ക് നേതൃത്വം നൽകുന്നത്. സംസ്ഥാന തലത്തിലെ പരിശീലനകാലത്ത് പരസ്പരം ബന്ധം സൃഷ്ട്ടിക്കുന്നത് ഭാവിയിൽ അധ്യാപകനായിരിക്കുമ്പോഴും ഏറെ ഗുണംചെയ്യും. അതിനാൽ ഇത്തരം പ്രവർത്തനങ്ങൾ അധ്യാപക വിദ്യാർത്ഥികൾക്ക് അത്യാവശ്യമാണെന്ന് ഭാരവാഹികൾ പറഞ്ഞു.

നേരത്തെ ഇത്തരത്തിൽ സംസ്ഥാന തലത്തില്‍ കൂട്ടായ്മകൾ രൂപീകരിക്കാനും അതു വഴി ആദ്യമായി ഡി.എൽ.എഡ്. വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത ഓൺലൈൻ മത്സരങ്ങള്‍ സംഘടിപ്പിക്കാനും എം.എ.എം.ടി.ടിഐ മുന്നിൽ ഉണ്ടായിരുന്നു. സംസ്ഥാന തലത്തില്‍ ചരിത്രത്തിലാദ്യമായി പുറത്തിറക്കിയ ഡി.എൽ.എഡ്. വിദ്യാർത്ഥികളുടെ ‘അകം’ എന്ന ഡിജിറ്റൽ മാഗസിൻ ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.

Related Articles

Leave a Reply

Back to top button