ആരോഗ്യമന്ത്രി കെ.കെ ശൈലജയെ കോഴിക്കോട് മെഡിക്കൽ കോളേജിൽ തടയാൻ ശ്രമം.

കോഴിക്കോട്: ആരോഗ്യമന്ത്രി കെ.കെ ശൈലജയെ കോഴിക്കോട് മെഡിക്കൽ കോളേജിൽ തടയാൻ ശ്രമം. കോവിഡ് കാലത്ത് ജോലി ചെയ്ത താത്കാലിക ജീവനക്കാരെ പിരിച്ചുവിട്ട നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ട് മന്ത്രിക്ക് നിവേദനം നൽകാനെത്തിയ തൊഴിലാളികളാണ് മന്ത്രിയെ തടയാൻ ശ്രമിച്ചത്.
വെള്ളിയാഴ്ച ഉച്ചയോടെ മെഡിക്കൽ കോളേജ് ആശുപത്രിക്ക് മുന്നിലാണ് പിരിച്ചുവിട്ട തൊഴിലാളികളുടെ പ്രതിഷേധമുണ്ടായത്. മന്ത്രിയെ കണ്ട് നേരിട്ട് പരാതി നൽകാൻ തൊഴിലാളികൾ മണിക്കൂറുകളോളം കാത്തിരുന്നെങ്കിലും പോലീസ് അനുവദിച്ചില്ല.
പരിപാടിയിൽ പങ്കെടുത്ത് മടങ്ങവെ രണ്ട് വഴികളിലൂടെ മന്ത്രിയെ കടത്തിവിടാൻ ശ്രമിച്ചെങ്കിലും തൊഴിലാളികൾ തടഞ്ഞു. ഇതിനിടെയുണ്ടായ ഉന്തുംതള്ളിലും ബിജു എന്ന താത്കാലിക ജീവനക്കാരൻ കുഴഞ്ഞുവീണു. ഇദ്ദേഹത്തെ പിന്നീട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ തന്നെ പ്രവേശിപ്പിച്ചു.
കോവിഡ് കാലത്ത് ജോലി ചെയ്ത 30 ഓളം ജീവനക്കാരെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ 102 ദിവസമായി തൊഴിലാളികൾ ആശുപത്രിക്ക് മുന്നിൽ പ്രതിഷേധിക്കുകയാണ്. മന്ത്രിയെ കണ്ട് പരാതി നൽകാൻ മാത്രമാണ് എത്തിയതെന്നും 100 ദിവസത്തിലേറെയായി സമരം ചെയ്യുന്ന തങ്ങളെ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ അടക്കം ആരും തിരിഞ്ഞുനോക്കിയിട്ടില്ലെന്നും തൊഴിലാളികൽ പറഞ്ഞു
ഏഴോളം പദ്ധതികളുടെ ഉദ്ഘാടനത്തിനായാണ് മന്ത്രി കോഴിക്കോട് മെഡിക്കൽ കോളേജിലെത്തിയത്.







