ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യയ്ക്ക് 317 റണ്‍സിന്റെ തകര്‍പ്പന്‍ ജയം

രണ്ടാം ഇന്നിങ്സില്‍ 482 റണ്‍സെന്ന വിജയലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ലണ്ട് 164 റണ്‍സ് എടുക്കവേ ഓള്‍ഔട്ടായി. അക്ഷര്‍ പട്ടേലും രവിചന്ദ്ര അശ്വിനുമാണ് ഇംഗ്ലണ്ടിനെ എറിഞ്ഞിട്ടത്. അക്ഷര്‍ പട്ടേല്‍ 5 വിക്കറ്റും അശ്വിന്‍ 3 വിക്കറ്റും വീഴ്ത്തി. കുല്‍ദീപ് യാദവ് രണ്ടു വിക്കറ്റും നേടി. ഇതോടെ പരമ്പരയില്‍ ഇന്ത്യയും ഇംഗ്ലണ്ടും ഒപ്പമെത്തി. ആദ്യ ടെസ്റ്റ് ഇംഗ്ലണ്ട് ജയിച്ചിരുന്നു.
മൂന്നാം ദിനം മത്സരം നിര്‍ത്തുമ്പോള്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 53 റണ്‍സെന്ന നിലയിലായിരുന്നു ഇംഗ്ലണ്ട്. നാലാം ദിനം തുടക്കത്തില്‍ തന്നെ 26 റണ്‍സെടുത്ത ലോറന്‍സിനെ അശ്വിന്‍ പുറത്താക്കി.
പിന്നാലെ തന്നെ ജാക് ലീച്ചും ബെന്‍ സ്റ്റോക്സും മടങ്ങി.
രണ്ടാം ഇന്നിങ്സില്‍ രവിചന്ദ്ര അശ്വിന്റെയും നായകന്‍ വിരാട് കോഹ്‌ലിയുടെയും കരുത്തിലാണ് ഇന്ത്യ 286 റണ്‍സെടുത്തത്. ഇംഗ്ലണ്ടിനു മുന്നില്‍ 482 എന്ന കൂറ്റന്‍ വിജയലക്ഷ്യമാണ് ഇന്ത്യ വച്ചത്. 134 പന്തുകളില്‍ നിന്നും 14 ഫോറുകളുടെയും ഒരു സിക്സിന്റെയും അകമ്പടിയോടെയാണ് അശ്വിന്‍ സെഞ്ച്വറി തികച്ചത്.
മൂന്നാം ദിനത്തില്‍ കൂറ്റന്‍ സ്കോര്‍ ലക്ഷ്യമിട്ട് ഇറങ്ങിയ ഇന്ത്യയ്ക്ക് തുടക്കം തിരിച്ചടിയായിരുന്നു. ആദ്യ ഓവറില്‍ തന്നെ പൂജാരയുടെ വിക്കറ്റ് പോയി. ഏഴു റണ്‍സെടുത്ത പൂജാരയെ ഫോക്സ് റണ്ണൗട്ടാക്കുകയായിരുന്നു. അധികം വൈകാതെ തന്നെ 26 റണ്‍സുമായി നിന്ന രോഹിത് ശര്‍മ്മയെ ലീച്ചിന്‍റെ പന്തില്‍ ഫോക്‌സ് സ്റ്റംപിങ്ങിലൂടെ പുറത്താക്കി.
26-ാം ഓവറില്‍ റിഷഭ് പന്തിന്റെ വിക്കറ്റും വീണതോടെ ഇന്ത്യന്‍ നില പരുങ്ങലിലായി. ക്രീസ് വിട്ടിറങ്ങി അനാവശ്യ ഷോട്ടിന് ശ്രമിച്ച പന്തിനെ ലീച്ചിന്റെ പന്തില്‍ ഫോക്സ് സ്റ്റംപ് ചെയ്യുകയായിരുന്നു. അക്ഷര്‍ പട്ടേലിന്റെ വിക്കറ്റാണ് അവസാനമായി വീണത്. ഇന്ത്യന്‍ നില പരുങ്ങലിലായെന്നു തോന്നിയ ഇടത്തുനിന്നാണ് അശ്വിനും കോഹ്‌ലിയും ചേര്‍ന്ന് സ്കോര്‍നില മുന്നോട്ടു നീക്കിയത്.






