സെർവർ ചതി വീണ്ടും, പെൻഷൻ വാങ്ങാനെത്തിയവർ വലഞ്ഞു

കോഴിക്കോട് : സെർവർ തകരാറ്് കാരണം പെൻഷൻകാർക്ക് വീണ്ടും ദുരിതം. ദുഃഖവെള്ളിയാഴ്ചയാണെങ്കിലും അവധിയില്ലാതെ പെൻഷൻ വിതരണമുണ്ടാവുമെന്നറിഞ്ഞെത്തിയവരാണ് വിഷമത്തിലായത്. മണിക്കൂറുകളോളം കാത്തുനിന്നാണ് പലർക്കും പെൻഷൻപണം ലഭിച്ചത്. ചിലർ നിരാശരായി മടങ്ങിപ്പോവുകയും ചെയ്തു.
കളക്ടറേറ്റിലെ പെൻഷൻ പേമെന്റ് ട്രഷറിയിൽ രാവിലെ പത്തരയോടെയാണ് പ്രശ്‌നം തുടങ്ങിയത്. 35 പേർ തുക കൈപ്പറ്റിയപ്പോഴേക്കും സർവർ തകരറായി. ടോക്കൺ വാങ്ങി കാത്തുനിന്നവർക്ക് എപ്പോൾ പണം നൽകാനാവുമെന്നു വ്യക്തമായി പറയാൻ അധികൃതർക്കായില്ല. കുറച്ചുകഴിഞ്ഞ് പ്രശ്‌നം പരിഹരിക്കപ്പെട്ടെങ്കിലും അഞ്ചുപേർ പെൻഷൻ വാങ്ങിയതോടെ വീണ്ടും പ്രവർത്തനം നിലച്ചു.
ഉച്ചയ്ക്ക് ഒന്നരയോടെയാണ് സെർവർ ശരിയായി വീണ്ടും പെൻഷൻ നൽകിത്തുടങ്ങിയത്. രാവിലെ ഒമ്പതുമണിക്കെത്തി കാത്തുനിന്നവരിൽ പലരും അപ്പോഴേക്കും മടങ്ങിയിരുന്നു. ടോക്കൺ വാങ്ങിയ മുന്നൂറിലേറെപ്പേർ കാത്തിരിക്കുകയായിരുന്നു. കോവിഡ് വ്യാപനം വീണ്ടും കൂടുമ്പോഴാണ് പ്രായമേറിയവർക്ക് സാമൂഹിക അകലം പാലിക്കാനാവാതെ മണിക്കൂറുകൾ കാത്തിരിക്കേണ്ടിവന്നത്.
സെർവർ തകരാർ കാരണം പെൻഷൻ വാങ്ങാനാവാത്ത പ്രശ്‌നം മാസങ്ങളായി തുടരുമ്പോഴും പരിഹാരമുണ്ടാകുന്നില്ലെന്ന പരാതി മുതിർന്ന പൗരന്മാർക്കുണ്ട്. പെൻഷനോടൊപ്പം ഡി.എ. കുടിശ്ശികയുടെ ഒരു ഗഡുവും വിതരണം ചെയ്യുമെന്നായിരുന്നു അറിയിപ്പ്. ഈസ്റ്ററും വിഷുവും റംസാനും മറ്റും പരിഗണിച്ച് ഒന്നിച്ചുകിട്ടുന്ന തുക വാങ്ങാൻ മിക്കവരും വെള്ളിയാഴ്ച തന്നെയെത്തി. പണം കണക്കാക്കി നൽകാനുള്ള താമസംമാത്രമേ സാധാരണമായി ഉണ്ടാവാറുള്ളൂ. അഞ്ചുമിനിറ്റിനകം പൂർത്തിയാകേണ്ട ഇടപാടിനായി മണിക്കൂറുകൾ കാത്തുനിൽക്കേണ്ട ഗതികേടാണ് പെൻഷൻകാർക്ക്.






