പ്രതിഷേധം ഫലംകണ്ടു; വാക്സിനേഷൻ മുക്കം സി.എച്ച്.സി.യിൽനിന്ന് മാറ്റി

മുക്കം : മുക്കം സി.എച്ച്.സി. യിൽ ഒന്നാംനിലയിൽ അസൗകര്യങ്ങളുടെ നടുവിൽ പ്രവർത്തിച്ചിരുന്ന വാക്സിനേഷൻ ഇവിടെനിന്നു മാറ്റാൻ തീരുമാനമായി. ഇനിമുതൽ ഓർഫനേജ് സ്കൂളിലെ സൗകര്യപ്രദമായ ഓഡിറ്റോറിയത്തിലാണ് വാക്സിനേഷൻ നടക്കുക. ഇവിടെ നടന്നിരുന്ന കോവിഡ് പരിശോധനാകേന്ദ്രം മണാശ്ശേരി ഗവ.യു.പി. സ്കൂളിലേക്കും മാറ്റി.
കുത്തിവെപ്പുകേന്ദ്രം ഇവിടെനിന്ന് മാറ്റണമെന്ന ആവശ്യത്തിനു നേരെ അധികൃതർ കണ്ണടയ്ക്കുകയായിരുന്നു. പ്രായമായവരും രോഗികളും അവശരും മറ്റും കോണികയറി വാക്സിൻ കേന്ദ്രത്തിലെത്താൻ വല്ലാതെ പ്രയാസപ്പെടുകയായിരുന്നു.
മുകളിലെത്തിയാൽ ഏറെനേരം കാത്തിരിക്കേണ്ടത് ഒരു കോണിക്കൂട്ടിലും കുത്തിവെപ്പ് കഴിഞ്ഞ് അരമണിക്കൂർ നിരീക്ഷണത്തിലിരിക്കേണ്ടത് ഒരു ഇടുങ്ങിയ മുറിയിലുമായിരുന്നു. മഴക്കാലമായതോടെ പുറത്ത് കാത്തുനിൽക്കാനുള്ള സൗകര്യവും ഇല്ലാതായി.
മുൻഗണനാ വിഭാഗത്തിൽ ഉൾപ്പെട്ട രോഗികൾ കൂടുതലായി എത്താൻ തുടങ്ങുകയും അവർക്ക് കോണികയറാൻ സാധിക്കാത്തതിനാൽ വാക്സിൻ നൽകാൻ നഴ്സുമാരടക്കമുള്ള ആരോഗ്യപ്രവർത്തകർ ഇടക്കിടെ താഴെ ഇറങ്ങിച്ചെല്ലേണ്ടിവരുന്നതും പ്രതിഷേധത്തിന് ഇടയാക്കി.
യൂത്ത് കോൺഗ്രസ് ഉൾപ്പെടെ വിവിധ സംഘടനകൾ മെഡിക്കൽ ഓഫീസർക്ക് പരാതി നൽകുകയും ചെയ്തിരുന്നു.







