Sports

ഇന്ത്യ – ഇംഗ്ലണ്ട് ടി 20 പരമ്പരയ്‌ക്ക് ഇന്ന് തുടക്കം

അഹമ്മദബാദ്: അഞ്ച് കളികളുള്ള ഇന്ത്യ-ഇംഗ്ലണ്ട് ടി 20 പരമ്പരയ്‌ക്ക് ഇന്ന് അഹമ്മദബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ തുടക്കം. ആദ്യ മത്സരം ഇന്ന് വൈകീട്ട്‌ ഏഴ് മുതല്‍ ആരംഭിക്കും. സ്റ്റാര്‍ സ്‌പോര്‍ട്‌സിലാണ് മത്സരങ്ങള്‍ തത്സമയം കാണാന്‍ സാധിക്കുക.

ടെസ്റ്റ് പരമ്പര 3-1 ന് സ്വന്തമാക്കിയതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ ടി 20 പരമ്പരയ്‌ക്ക് ഇറങ്ങുന്നത്. ടി 20 ലോകകപ്പിനു മുന്നോടിയായുള്ള ഒരുക്ക മത്സരങ്ങളായി ഇന്ത്യയും ഇംഗ്ലണ്ടും ഈ പരമ്പരയെ കാണുന്നു.

രോഹിത് ശര്‍മയ്‌ക്കൊപ്പം ആര് ഓപ്പണ്‍ ചെയ്യും എന്നതാണ് ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രിയെയും നായകന്‍ വിരാട് കോഹ്‌ലിയെയും അലട്ടുന്ന ചോദ്യം. ശിഖര്‍ ധവാന് പകരം കെ.എല്‍.രാഹുലിനെ തന്നെ ഓപ്പണറാക്കാനാണ് സാധ്യത. എന്നാല്‍, ധവാനെ ഓപ്പണര്‍ സ്ഥാനത്ത് നിലനിര്‍ത്താന്‍ കോഹ്‌ലിയും ശാസ്‌ത്രിയും തീരുമാനിച്ചാല്‍ കെ.എല്‍.രാഹുല്‍ നാലാം നമ്ബറിലേക്ക് ഇറങ്ങും. റിഷഭ് പന്ത് വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്ക് തിരിച്ചെത്തും. ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍ എന്നിവരില്‍ ആരെല്ലാം അവസാന ഇലവനില്‍ ഇടം പിടിക്കുമെന്ന് വ്യക്തമല്ല.

ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയെ കാത്തിരിക്കുന്നത് മറ്റൊരു റെക്കോര്‍ഡ് ആണ്. 72 റണ്‍സ് കൂടി നേടിയാല്‍ ടി 20 രാജ്യാന്തര ക്രിക്കറ്റില്‍ ഏറ്റവും ആദ്യം 3,000 റണ്‍സ് ക്ലബില്‍ ഇടം പിടിക്കുന്ന താരമെന്ന നേട്ടം കോഹ്‌ലിക്ക് സ്വന്തമാകും. ടി 20 യിലെ ഏറ്റവും ഉയര്‍ന്ന റണ്‍വേട്ടക്കാരനാണ് കോഹ്‌ലി ഇപ്പോള്‍. ഇതുവരെ 85 ടി 20 മത്സരങ്ങളില്‍ നിന്നായി കോഹ്‌ലി 2,928 റണ്‍സ് അടിച്ചുകൂട്ടിയിട്ടുണ്ട്.

79 ഇന്നിങ്സുകളില്‍ നിന്നായി 50.48 ശരാശരിയോടെ 25 അര്‍ധ സെഞ്ചുറികള്‍ കോഹ്‌ലി ടി 20 യില്‍ നേടിയിട്ടുണ്ട്. പുറത്താകാതെ നേടിയ 94 റണ്‍സാണ് ഏറ്റവും ഉയര്‍ന്ന സ്‌കോര്‍. ഇംഗ്ലണ്ടിനെതിരായ ആദ്യ ടി 20 യില്‍ തന്നെ കോഹ്‌ലി ഈ നേട്ടം സ്വന്തമാക്കുമോ എന്നാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

Related Articles

Leave a Reply

Back to top button