കോനൂർക്കണ്ടി പ്രദേശത്തെ ഭീതിയിലാഴ്ത്തി കാട്ടാനകൾ

തിരുവമ്പാടി : ഊർങ്ങാട്ടിരി പഞ്ചായത്തിലെ ഒന്നാം വാർഡിൽപെട്ട കോനൂർക്കണ്ടി, മരത്തോട്, കുന്താണിക്കാട്, പന്നിയാമല പ്രദേശത്ത് കാട്ടാനശല്യം രൂക്ഷം. കരിമ്പ്– വെണ്ടേക്കുംപൊയിൽ ആദിവാസി കോളനി ഉൾപ്പെടെയുള്ള ഭാഗത്തും കാട്ടാനശല്യം പതിവായി. രാത്രി എത്തിയ കാട്ടാനക്കൂട്ടം ഒട്ടേറെ കാർഷിക വിളകളാണ് നശിപ്പിച്ചത്. രാത്രി ആനയുടെ മുൻപിൽ അകപ്പെട്ട ഷിജോ കടുവത്താഴത്ത് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.
തേക്കുംകാട്ടിൽ തങ്കച്ചന്റെ കുലച്ച നൂറോളം വാഴകൾ ആന നശിപ്പിച്ചു. പനക്കക്കുഴിയിൽ ടോമി, ചുണ്ടംകുഴിയിൽ അവറാച്ചൻ, ചുണ്ടംകുഴിയിൽ ജോസ് എന്നിവരുടെ തെങ്ങും, കമുകും, വാഴയും കാട്ടാനക്കൂട്ടം നശിപ്പിച്ചു. കൃഷിപ്പണികൾക്കായി കരിമ്പ് എസ്ടി കോളനിയിൽനിന്ന് എത്തിയ ആദിവാസികൾ ആനയുടെ മുൻപിൽ അകപ്പെട്ടപ്പോൾ ഓടി രക്ഷപ്പെടുകയായിരുന്നു. മരത്തോട് ഭാഗത്ത് അതിഥിത്തൊഴിലാളികൾ താമസിച്ചിരുന്ന സ്ഥലത്ത് എത്തിയ ആന വീട് തകർക്കാൻ ശ്രമിച്ചു. തേനരുവി ഭാഗത്തേക്കു പോകുന്ന കെഎസ്ഇബി വൈദ്യുതി ലൈനിലെ 3 പോസ്റ്റുകൾ ആനയുടെ ആക്രമണത്തിൽ തകർന്നു.
ഈ ഭാഗത്ത് പകൽ സമയത്തും ആന എത്തുന്നുണ്ട്. കഴിഞ്ഞ വർഷം മേയിലാണ് കുന്താണിക്കാട്ടിൽ കർഷകൻ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ജനങ്ങളുടെ പ്രതിഷേധത്തെ തുടർന്ന് ഫെൻസിങ്ങും ആന ഇറങ്ങുന്ന സ്ഥലങ്ങളിൽ ലൈറ്റുകളും സ്ഥാപിക്കാം എന്ന് വനം വകുപ്പ് അധികൃതർ ഉറപ്പ് നൽകിയെങ്കിലും ഫണ്ടില്ല എന്ന കാരണം പറഞ്ഞ് ഇതുവരെയും നടപടികൾ ആയിട്ടില്ല.







