എൽ.ഡി.എഫ്. തിരുവമ്പാടി മണ്ഡലം കൺവെൻഷൻ മുക്കത്ത് നടന്നു

മുക്കം : ബി.ജെ.പി.യുടെ വർഗീയതയെയും കോർപ്പറേറ്റ് പ്രീണനനയത്തെയും നേരിട്ട് എതിർക്കാനുള്ള ധൈര്യം കോൺഗ്രസിനില്ലെന്നും പാർലമെന്റിൽ മോദിയും അമിത് ഷായും കണ്ണുരുട്ടിയാൽ കോൺഗ്രസ് എം.പി.മാർക്ക് മുട്ടിടിയ്ക്കുമെന്നും എളമരം കരീം എം.പി.
എൽ.ഡി.എഫ്. തിരുവമ്പാടി മണ്ഡലം കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനങ്ങളെ അണിനിരത്തി വർഗീയതയെ നേരിടാൻ കഴിയാത്ത കോൺഗ്രസിന് മതനിരപേക്ഷതയുടെ കാവലാളാവാൻ കഴിയില്ല. അധികാരമോഹികളും നിലപാടില്ലാത്തവരുമായ കോൺഗ്രസുകാർ തിരഞ്ഞെടുപ്പിൽ ജയിച്ചാലും തോറ്റാലും ബി.ജെ.പി.യിൽ ചേക്കേറും. കെ.കെ. സ്മാരകമന്ദിര പരിസരത്തുചേർന്ന കൺവെൻഷനിൽ ജോർജ് എം. തോമസ് എം.എൽ.എ. അധ്യക്ഷനായി.
സ്ഥാനാർഥി ലിന്റോ ജോസഫ്, എൽ.ജെ.ഡി. സംസ്ഥാന വൈസ് പ്രസിഡൻറ് വി. കുഞ്ഞാലി, സി.പി.ഐ. ജില്ലാ കമ്മിറ്റി അംഗം പി.കെ. കണ്ണൻ, കേരള കോൺഗ്രസ് (എം) ജില്ലാ പ്രസിഡൻറ് ടി.എം. ജോസഫ്, ജെ.ഡി.എസ്. നേതാവ് എളമന ഹരിദാസ്, എൻ.സി.പി. ജില്ലാ കമ്മിറ്റി അംഗം അബ്ദുള്ള കുമാരനെല്ലുർ, ഐ.എൻ.എൽ ജില്ലാ കമ്മിറ്റി അംഗം സലാം പൈറ്റൂളി, ഡെമോക്രാറ്റിക് കേരള കോൺഗ്രസ് സംസ്ഥാന കമ്മിറ്റി അംഗം പി.പി. ജോയി, സി.പി.ഐ.എം മണ്ഡലംസെക്രട്ടറി ടി. വിശ്വനാഥൻ, മുക്കം നഗരസഭ ചെയർമാൻ പി.ടി. ബാബു എന്നിവർ സംസാരിച്ചു.







