ഓമശ്ശേരി – കോടഞ്ചേരി -പുലിക്കയം- -പുല്ലൂരാംപാറ റോഡ് നവീകരണം; കേന്ദ്രം ഫണ്ട് അനുവദിച്ചതിനു പിന്നിൽ രാഹുൽ ഗാന്ധി എം.പി

തിരുവമ്പാടി: ഓമശ്ശേരി – പെരിവല്ലി – ശാന്തിനഗർ – കോടഞ്ചേരി -പുലിക്കയം- വലിയകൊല്ലി -പുല്ലൂരാംപാറ റോഡ് നവീകരണത്തിന് സി. ആർ. ഐ. എഫ്. പദ്ധതിയുടെ ഭാഗമായി 15 കോടി രൂപ അനുവദിച്ചതായി തിരുവമ്പാടി എം.എൽ.എ ലിന്റോ ജോസഫ് ഇന്നലെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചിരുന്നു.
എന്നാൽ ഈ പദ്ധതി വയനാട് എം.പി രാഹുൽ ഗാന്ധിയുടെ ശ്രമഫലമായാണ് ലഭിച്ചതെന്ന് രാഹുൽ ഗാന്ധിയുടെ ഓഫീസ് അറിയിച്ചു. വയനാട് മണ്ഡലത്തിൽ മാത്രം 145 കോടിയുടെ പദ്ധതിയാണ് രാഹുൽ ഗാന്ധിയുടെ ശ്രമഫലമായി നടപ്പിലാക്കുന്നതെന്നും എം.പി ഓഫീസ് അറിയിച്ചു.
രാഹുൽ ഗാന്ധി എം.പി വയനാട് നിയോജക മണ്ഡലത്തിലെ സി. ആർ. ഐ. എഫിൽ ഉൾപ്പെടുത്താൻ അർഹതയുള്ള 15 റോഡുകളുടെ പട്ടിക പിഡബ്ല്യുഡി സൂപ്രണ്ടിംഗ് എൻജിനീയർക്ക് നൽകിയിരുന്നു.
എന്നാൽ കേന്ദ്ര സർക്കാരിന് കേരള സർക്കാർ സമർപ്പിച്ച പദ്ധതി ലിസ്റ്റിൽ രാഹുൽ ഗാന്ധി എം പി സമർപ്പിച്ച 15 റോഡുകളിൽ 10 എണ്ണം മാത്രമേ ഉൾപ്പെടുത്തിയുള്ളൂ. 10 റോഡുകൾക്ക് 145 കോടി അനുവദിക്കുന്നത് വേഗത്തിലാക്കാൻ റോഡ് ഗതാഗത ഹൈവേ മന്ത്രി ശ്രീ നിതിൻ ഗഡ്കരിക്ക് രാഹുൽ ഗാന്ധി എംപി വീണ്ടും കത്ത് നൽകുകയും ചെയ്തു.
145 കോടിക്കും കേന്ദ്ര മന്ത്രാലയം അനുമതി നൽകുകയും ചെയ്തു. കേരളത്തിന് മൊത്തം 506.14 കോടി അനുവദിച്ചതിൽ 145 കോടിയും വയനാട് മണ്ഡലത്തിന് മാത്രമാണ് ലഭിച്ചത്. അനുവദിക്കപ്പെട്ട ദൂരമായ 403.25 കിലോമീറ്ററിൽ 119.7 കിലോ മീറ്റർ റോഡും വയനാട് മണ്ഡലത്തിൽ പെട്ട റോഡുകളാണ്.
നിരവധി വർഷങ്ങളായി അവഗണിക്കപ്പെട്ടിരുന്ന ഓമശ്ശേരി – പെരിവല്ലി – ശാന്തിനഗർ – കോടഞ്ചേരി -പുലിക്കയം- വലിയകൊല്ലി -പുല്ലൂരാംപാറ റോഡിൻ്റെ അവസ്ഥ രാഹുൽ ഗാന്ധി എം.പിയെ നാട്ടുകാർ ബോധ്യപ്പെടുത്തിയതിൻ്റെ അടിസ്ഥാനത്തിലാണ് റോഡിന് ഫണ്ട് അനുവദിച്ചത്.
കോടഞ്ചേരി നിവാസികളുടെ പ്രധാന ആവശ്യങ്ങളിൽ ഒന്നായിരുന്നു ഓമശ്ശേരി -കോടഞ്ചേരി റോഡ് നവീകരിക്കുക എന്നത്.
റോഡിന് ഫണ്ട് അനുവദിച്ചത് സംബന്ധിച്ച് എം എൽ എ ലിന്റോ ജോസഫിന്റെ ഇന്നലത്തെ ഫെയ്സ്ബുക്ക് പോസ്റ്റിൽ രാഹുൽ ഗാന്ധി എം പി യുടെ ശ്രമഫലമായാണ് ഈ റോഡ് സി ആർ ഐ എഫിൽ ഉൾപ്പെടുത്തിയത് എന്ന കാര്യം പറഞ്ഞിരുന്നില്ല.
സംസ്ഥാന സർക്കാറിന്റേയും മന്ത്രി മുഹമ്മദ് റിയാസിന്റേയും ശ്രമഫലമായാണ് കേന്ദ്ര ഫണ്ട് ലഭിച്ചതെന്ന് ഇന്നലത്തെ ഫെയ്സ്ബുക്ക് പോസ്റ്റിൽ ലിന്റോ ജോസഫ് എം എൽ എ അവകാശപ്പെട്ടിരുന്നു.
ഇതിനെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ രൂക്ഷമായ വിമർശനമാണ് ഉയരുന്നത്.
സി ആർ ഐ എഫിൽ ഉൾപ്പെടുത്താനായി സംസ്ഥാന സർക്കാർ കേന്ദ്രത്തിന് നൽകുന്ന ലിസ്റ്റിൽ ഈ റോഡ് ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ട് രാഹുൽ ഗാന്ധി എം പി സംസ്ഥാന പൊതുമരാമത്തു സൂപ്രണ്ടിംഗ് എഞ്ചിനീയർക്ക് നൽകിയ കത്ത്, റോഡ് വികസനത്തിന് ഫണ്ട് ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് രാഹുൽ ഗാന്ധി എം പി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രിക്ക് നൽകിയ കത്ത് എന്നിവയടക്കം മുഴുവൻ രേഖകളും തിരുവമ്പാടി ന്യൂസിന് ലഭിച്ചിട്ടുണ്ട്.







