ജന്മദിനത്തിൽ സുരക്ഷ പാലിയേറ്റീവിന് സംഭാവന നൽകി മാതൃകയായി രണ്ടാം ക്ലാസുകാരൻ

കൊടിയത്തൂർ : നാലു ചുമരുകൾക്കുള്ളിൽ അപ്രതീക്ഷിതമായി രോഗത്തിനടിമപ്പെട്ടു വേദന കൊണ്ട് പുളയുന്നവരെ ചേർത്തുപിടിക്കാനും അവർക്ക് സുരക്ഷയൊരുക്കാനും പ്രവർത്തിക്കുന്ന സുരക്ഷാ പെയിൻ & പാലിയേറ്റീവ് കൊടിയത്തൂർ മേഖലാ കമ്മിറ്റിക്ക്, ചെറുവാടി ചുള്ളിക്കാപറമ്പ് ജി.എൽ.പി സ്കൂൾ രണ്ടാം ക്ലാസ് വിദ്യാർത്ഥി അഫ്രാസ് അഹമ്മദ് ചോലയാണ് തൻ്റെ ഏഴാം ജന്മദിനത്തിൽ 7000 രൂപ സംഭാവന നൽകി മാതൃകയായത്.
അഞ്ചാം ജന്മദിനത്തിൽ 5000 രൂപയും ആറാം ജന്മദിനത്തിൽ 6000 രൂപയും മുൻ വർഷങ്ങളിൽ സംഭാവന നൽകി മാതൃകയായിട്ടുണ്ട് അഫ്രാസ്. തീർത്തും തളർന്നു കിടക്കുന്ന കിടപ്പുരോഗിയുടെ സുരക്ഷാ ചുമതല ആ കുടുംബത്തിൻ്റെ മാത്രമല്ല സമൂഹത്തിന്റെയും ബാധ്യതയാണ് എന്ന തിരിച്ചറിവ് പുതിയ തലമുറക്ക് പകർന്നു നൽകുന്ന ഇത്തരം മാതൃകപരമായ പ്രവർത്തനങ്ങൾ ശ്ലാഘനീയമാണ്.
ചുള്ളിക്കാപറമ്പ് ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ അഫ്രാസ് അഹമ്മദിൽ നിന്നും സുരക്ഷാ പെയിൻ & പാലിയേറ്റീവ് തിരുവമ്പാടി സോണൽ രക്ഷാധികാരി ചെയർമാൻ വി.കെ വിനോദ് സംഭാവന ഏറ്റുവാങ്ങി. ചടങ്ങിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ഐ.പി.എം ഫാക്വൽറ്റി സത്യപാലൻ പാലായി, സുരക്ഷാ പാലിയേറ്റീവ് തിരുവമ്പാടി സോണൽ കൺവീനർ ഗിരീഷ് കാരക്കുറ്റി, കൊടിയത്തൂർ മേഖലാ ചെയർമാൻ ഷബീർ ചെറുവാടി, കൺവീനർ എൻ രവീന്ദ്രകുമാർ, ഉമൈൻ ടീച്ചർ, കെ.പി ചന്ദ്രൻ, സാബിറ തറമ്മൽ എന്നിവർ സന്നിഹിതരായി.







