Kerala

ഒരാള്‍ക്ക് ഒന്നിലധികം വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡ്;തെരഞ്ഞെടുപ്പ് ഓഫിസര്‍ റിപ്പോര്‍ട്ട് തേടി.

തിരുവനന്തപുരം: ഒരാള്‍ക്ക് ഒന്നിലധികം വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡ് നല്‍കിയെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പരാതിയില്‍ മുഖ്യതെരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണ ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരില്‍ നിന്നും റിപ്പോര്‍ട്ട് തേടി.

വോട്ടര്‍പട്ടികയില്‍ ഒന്നിലധികം തവണ പേര് ചേര്‍ക്കാന്‍ ശ്രമമുണ്ടായോ എന്ന് പരിശോധിച്ച് 20നകം റിപ്പോര്‍ട്ട് നല്‍കാനാണ് ആവശ്യപ്പെട്ടത്. കാസര്‍കോട്,കോഴിക്കോട്,ആലപ്പുഴ,കൊല്ലം,തിരുവനന്തപുരം ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കാണ് നിര്‍ദേശം.ആരോപണം ശരിയാണെന്ന് തെളിഞ്ഞാല്‍ വേണ്ട നടപടി സ്വീകരിക്കുമെന്നും ടിക്കാറാം മീണ പറഞ്ഞു.

പല മണ്ഡലങ്ങളിലെയും കണക്കുകള്‍ സഹിതമാണ് പ്രതിപക്ഷ നേതാവ് ആരോപണം ഉന്നയിച്ചത്. ഉദുമ മണ്ഡലത്തില്‍ 164ാം നമ്പര്‍ ബൂത്തില്‍ ഒരേ വ്യക്തിക്ക് നാലും അഞ്ചും വോട്ടുണ്ട്. തെരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് ശ്രമം. പല മണ്ഡലങ്ങളിലും ആയിരക്കണക്കിന് വോട്ടര്‍മാരുണ്ടെന്നും ചെന്നിത്തല ആരോപിച്ചു.

സംസ്ഥാനതലത്തില്‍ കള്ളവോട്ട് സൃഷ്ടിക്കാന്‍ ഗൂഢാലോചന നടക്കുന്നു. ഇതിന് ഉദ്യോഗസ്ഥരുടെ ഒത്താശയുണ്ടെന്നും ഒരേ പേരും ഫോട്ടോയും വിലാസവും സഹിതമാണ് പേര് ചേര്‍ത്തിരിക്കുന്നതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

ഒരേ ആളിന്റെ പേരില്‍ നാലും അഞ്ചും വോട്ട് ചേര്‍ത്തത് ഗുരുതരമായ ക്രിമിനല്‍ കുറ്റമാണെന്നും ചെന്നിത്തല ആരോപിച്ചു. കഴക്കൂട്ടം മണ്ഡലത്തില്‍ 4506 കള്ളവോട്ടര്‍മാരെ കണ്ടെത്തി.കൊല്ലത്ത് 2534, തൃക്കരിപ്പൂരില്‍ 1436, കൊയിലാണ്ടിയില്‍ 4611, നാദാപുരത്ത് 6771, കൂത്തുപറമ്പില്‍ 3525 പേരുമാണ് ഉള്ളതെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.

തൃക്കരിപ്പൂര്‍, നാദാപുരം മണ്ഡലങ്ങളിലെ വോട്ടര്‍ പട്ടികയിലും വോട്ടര്‍ പട്ടികയില്‍ വ്യാപകമായ തിരിമറിയുണ്ട്.
140 മണ്ഡലങ്ങളിവും വ്യാജവോട്ടര്‍മാരാണുള്ളത്.

Related Articles

Leave a Reply

Back to top button