Kerala

ധര്‍മ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരെ കെ. സുധാകരന്‍

കണ്ണൂര്‍: ധര്‍മ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരെ കെ. സുധാകരന്‍ സ്ഥാനാര്‍ത്ഥിയാകും. കെ പി സി സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ ഇക്കാര്യം കെ സുധാകരനോട് ആവശ്യപ്പെട്ടിരുന്നു. കെ. സുധാകരന്റെ സമ്മതത്തിനായി കാത്തിരിക്കുകയാണെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു.

യുഡിഎഫിന്റെ വിജയ സാധ്യതയെ ബാധിക്കുന്ന യാതൊരുവിധ പ്രശ്‌നങ്ങളും കോണ്‍ഗ്രസില്‍ ഇല്ല. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലാണ് ഏറ്റവും അധികം പ്രശ്‌നങ്ങള്‍ ഇന്നുള്ളതെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. സിപിഎം-ബിജെപി ഡീല്‍ സംബന്ധിച്ച്‌ ഇന്ത്യയില്‍ അറിയപ്പെടുന്ന ആര്‍എസ്‌എസ് സൈദ്ധാന്തികനായ ബാല ശങ്കറിന്റെ വെളിപ്പെടുത്തലിലൂടെ മുഖ്യമന്ത്രി പിണറായി വിജയന് ഉറക്കം നഷ്ടപ്പെട്ടിരിക്കുകയാണ്.ഇതിനെ ന്യായീകരിക്കാന്‍ കഴിയാതെ മുഖ്യമന്ത്രി പിച്ചും പേയും പറയുകയാണ്. ബാലശങ്കറിന്റെ വെളിപ്പെടുത്തലുകളെക്കുറിച്ച്‌ പറയാതെ ഒ രാജഗോപാല്‍ നടത്തിയ പരാമര്‍ശത്തെക്കുറിച്ചാണ് പിണറായി വിജയന്‍ പറയുന്നത്. കോ-ലീ-ബി സഖ്യം സംബന്ധിച്ച്‌ മുന്‍കാലങ്ങളില്‍ നിരവധി തവണ ചര്‍ച്ച നടത്തി തെളിവില്ലെന്ന് കണ്ട് തള്ളിക്കളഞ്ഞതാണെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ വ്യക്തമാക്കി.

അതു പോലെയല്ല ബാല ശങ്കര്‍ ഇപ്പോള്‍ നടത്തിയിരിക്കുന്ന വെളിപ്പെടുത്തല്‍. ബാല ശങ്കറിന് ആര്‍എസ്‌എസിന്റെ നാഗ്പൂരിലെ കേന്ദ്രകാര്യാലയമായും നരേന്ദ്രമോഡിയും അമിത് ഷാ യും തമ്മിലും നേരിട്ട് ബന്ധമുള്ള വ്യക്തിയാണെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ വ്യക്തമാക്കി. അദ്ദേഹം തികഞ്ഞ ഉത്തരവാദിത്വത്തോടെയാണ് വെളിപ്പെടുത്തല്‍ നടത്തിയത്.ബിജെപി-സിപിഎം ബന്ധം സംബന്ധിച്ച്‌ കഴിഞ്ഞ തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പിലും താന്‍ പറഞ്ഞിരുന്നു.

കഴിഞ്ഞ ഒരു വര്‍ഷമായി ഇവരുടെ രഹസ്യ കൂട്ടുകെട്ട് സംബന്ധിച്ച്‌ കോണ്‍ഗ്രസ് പറഞ്ഞുകൊണ്ടിരിക്കുകയാണ്. മഞ്ചേശ്വരം മുതല്‍ പാറശാല വരെ ഇവര്‍ തമ്മില്‍ രഹസ്യകൂട്ടുകെട്ടുണ്ടാക്കിയിട്ടുണ്ട്. ഇത് അപകടകരമാണെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. ലതികാ സുഭാഷ് അടഞ്ഞ അധ്യായമാണെന്നും അത് സംബന്ധിച്ച്‌ ഇനി ചര്‍ച്ചയില്ലെന്നും ചോദ്യത്തിന് മറുപടിയായി മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

അതേ സമയം അവസാന ഘട്ടത്തില്‍ കെപിസിസി നേതൃത്വം നടത്തുന്ന ധൃതിപിടിച്ച പ്രവര്‍ത്തനങ്ങളില്‍ സുധാകരന്‍ അതൃപ്തനാണ്. പിണറായി വിജയനെ പോലുള്ള ഒരാള്‍ക്കെതിരെ അവസാനഘട്ടത്തിലല്ല സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കേണ്ടത്, മുന്നൊരുക്കങ്ങള്‍ നടത്താന്‍ സമയം വേണമായിരുന്നു തുടങ്ങിയ കാര്യങ്ങളാണ് സുധാകരന്‍ ചൂണ്ടിക്കാട്ടുന്നത്.

അതേ സമയം സ്ഥാനാര്‍ഥിയാകണം എന്നാവശ്യപ്പെട്ട് പ്രാദേശിക നേതാക്കള്‍ സുധാകരനെ വീട്ടിലെത്തി കണ്ടിരുന്നു.

Related Articles

Leave a Reply

Back to top button