India

അശ്വിന് അഞ്ചാം സെഞ്ചുറി; രണ്ടാം ഇന്നിങ്സിൽ ഇന്ത്യ 286 ന് പുറത്ത്

ചെന്നൈ∙ ഇന്ത്യ– ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റിൽ ആർ. അശ്വിന് സെഞ്ചുറി. 134 പന്തുകളിൽനിന്നാണ് അശ്വിൻ കരിയറിലെ അഞ്ചാം സെഞ്ചുറി സ്വന്തമാക്കിയത്. ഇംഗ്ലണ്ടിനെതിരെ അഞ്ചു വിക്കറ്റ് സ്വന്തമാക്കിയ അശ്വിൻ ബാറ്റിങ്ങിലും തിളങ്ങിയപ്പോൾ രണ്ടാം ഇന്നിങ്സിൽ ഇന്ത്യ 286 റൺസെടുത്തു. ഇംഗ്ലണ്ടിന് 482 റൺസ് വിജയലക്ഷ്യം.

ക്യാപ്റ്റൻ വിരാട് കോലി അർധസെഞ്ചുറി നേടി പുറത്തായി. 149 പന്തിൽ 62 റൺസെടുത്താണു കോലി മടങ്ങിയത്. 107 പന്തുകളിൽനിന്നാണ് കോലി അർധസെഞ്ചുറി പൂർത്തിയാക്കിയത്. രോഹിത് ശർമ (26), ശുഭ്മാൻ ഗിൽ (14), ചേതേശ്വർ പൂജാര (7), ഋഷഭ് പന്ത് (8), അജിൻക്യ രഹാനെ (10), അക്സർ പട്ടേൽ (7), കുൽദീപ് യാദവ് (3), ഇഷാന്ത് ശർമ (7), മുഹമ്മദ് സിറാജ് (16) എന്നിങ്ങനെയാണു പുറത്തായ മറ്റ് ഇന്ത്യൻ താരങ്ങളുടെ പ്രകടനങ്ങൾ. മൂന്നാം ദിനം ഒരു വിക്കറ്റ് നഷ്ടത്തിൽ 54 റൺസെന്ന നിലയിലാണു ഇന്ത്യ ബാറ്റിങ് തുടങ്ങിയത്. ഒരു റൺസ് മാത്രം കൂട്ടിച്ചേർ‌ത്തതോടെ ചേതേശ്വർ പൂജാര റൺഔട്ടായി. പിന്നാലെ രോഹിത്തും മടങ്ങി.

ഒരുഭാഗത്തുനിന്നും വിരാട് കോലി പൊരുതുമ്പോഴും കൃത്യമായ ഇടവേളകളിൽ ഇന്ത്യയുടെ മൂന്നു വിക്കറ്റുകൾ ഇംഗ്ലിഷ് ബോളർമാർ വീഴ്ത്തി. ഇതോടെ സ്കോർ ആറിന് 106. പിന്നാലെയെത്തിയ അശ്വിൻ നിലയുറപ്പിച്ചതോടെ ഇന്ത്യൻ സ്കോർ 200 പിന്നിട്ടു. സ്കോർ 202 ൽ നിൽക്കെ വിരാട് കോലി പുറത്തായി. മൊയീന്‍ അലിയുടെ പന്തിൽ താരം എൽബി ആകുകയായിരുന്നു. കുൽ‌ദീപ് യാദവിനെയും പുറത്താക്കി മൊയീൻ അലി വിക്കറ്റ് നേട്ടം നാലാക്കി. ഇഷാന്ത് ശർമയ്ക്കു കാര്യമായൊന്നും ചെയ്യാനുണ്ടായിരുന്നില്ല. ഏഴു റൺസെടുത്ത താരം ജാക്ക് ലീഷിന്റെ പന്തിൽ ഒലി സ്റ്റോണിന് ക്യാച്ച് നല്‍കി മടങ്ങി. അശ്വിനും സിറാജും ചേർന്ന് ഇന്ത്യൻ സ്കോർ 250 കടത്തി.

പിന്നാലെ അശ്വിന്‍ ടെസ്റ്റ് കരിയറിലെ അഞ്ചാം സെഞ്ചുറിയും നേടി. 14 ഫോറും ഒരു സിക്സുമാണ് അശ്വിൻ‌ രണ്ടാം ഇന്നിങ്സിൽ അടിച്ചത്. സ്കോർ 286ൽനിൽക്കെ ഒലി സ്റ്റോണിന്റെ പന്തിൽ അശ്വിൻ ബോൾഡായി. ഇംഗ്ലണ്ടിനായി ജാക്ക് ലീഷും മൊയീൻ അലിയും നാല് വിക്കറ്റ് വീതം വീഴ്ത്തി. സ്റ്റോൺ ഒരു വിക്കറ്റും സ്വന്തമാക്കി.

ഇന്ത്യ 329, ഇംഗ്ലണ്ട് 134

രണ്ടാം ദിനം ആറിനു 300 എന്ന നിലയിൽ ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് 329 റൺസിന് അവസാനിച്ചതിനു പിന്നാലെ സന്ദർശകർ വെറും 134 റൺസിനു പുറത്തായി. 29–ാം തവണ കരിയറിൽ 5 വിക്കറ്റ് നേട്ടം കൈവരിച്ച അശ്വിന്റെയും കന്നി ടെസ്റ്റിൽ 2 വിക്കറ്റു വീഴ്ത്തിയ അക്‌സർ പട്ടേലിന്റെയും സ്പിൻ ബോളിങ്ങിനു മുന്നിൽ ഇംഗ്ലിഷ് ബാറ്റിങ് നിര ആടിയുലഞ്ഞു.

Related Articles

Leave a Reply

Back to top button