മഷി ഉണങ്ങിയാല്‍ മാത്രം ബൂത്ത് വിടാം; ഇരട്ടവോട്ട് തടയാന്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് സാമഗ്രികള്‍ക്കൊപ്പം ഇരട്ടവോട്ടുകള്‍ കണ്ടെത്തിയ പട്ടികകൂടി നല്‍കുമെന്ന തിരഞ്ഞെടുപ്പ് കമ്മിഷന്‍ തീരുമാനത്തിനുപിന്നാലെ, ഈ പട്ടികയിലുള്ള വോട്ടര്‍മാരെ വിരലിലെ മഷി പൂര്‍ണമായി ഉണങ്ങിയശേഷം മാത്രം ബൂത്തുവിടാന്‍ അനുവദിച്ചാല്‍ മതിയെന്നു നിര്‍ദേശം.
മറ്റുള്ള വോട്ടര്‍മാര്‍ക്ക് ഈ തീരുമാനം ബാധകമല്ല. കള്ളവോട്ട് തടയുന്നതിന് കര്‍ശന മാര്‍ഗനിര്‍ദേശങ്ങളാണ് കമ്മിഷന്‍ പ്രഖ്യാപിച്ചത്. വോട്ടര്‍പ്പട്ടിക സംബന്ധിച്ച പരാതികളില്‍ നടത്തിയ പ്രാഥമിക പരിശോധനയില്‍ വോട്ടര്‍മാരുടെ പേരുകള്‍ ആവര്‍ത്തിക്കുന്നതും സമാനമായ ഫോട്ടോകളും വിലാസവും വ്യത്യസ്തമായ പേരുകളും ഉള്ള എന്‍ട്രികളും കണ്ടെത്തിയിരുന്നു. ഇതേത്തുടര്‍ന്നാണ് നടപടികള്‍ കര്‍ശനമാക്കുന്നത്.
എല്ലാ രാഷ്ട്രീയകക്ഷികള്‍ക്കും ആവര്‍ത്തനവോട്ടര്‍മാരുടെ പട്ടിക നല്‍കാനും നിര്‍ദേശിച്ചിട്ടുണ്ട്. പോളിങ് ഏജന്റുമാര്‍ പരാതിപ്പെട്ടില്ലെങ്കിലും വോട്ടറെ തിരിച്ചറിയേണ്ടത് പോളിങ് ഓഫീസറുടെ ഉത്തരവാദിത്വമാണ്. ആള്‍മാറാട്ടം നടന്നാല്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയുണ്ടാകും.
ഇരട്ടവോട്ടു തടയുക ഇങ്ങനെ
- സമാനമെന്ന് ഉറപ്പിക്കുന്നതോ സംശയമുള്ളതോ ആയ വോട്ടര്‍മാരുടെ വിവരങ്ങള്‍ എറോനെറ്റ് സോഫ്റ്റ്വേറിലെ ലോജിക്കല്‍ എറര്‍ സംവിധാനം ഉപയോഗിച്ച് പരിശോധിക്കും.
- ആവര്‍ത്തനമുള്ള വോട്ടര്‍മാരുടെ പട്ടിക ബൂത്തുതലത്തില്‍ തയ്യാറാക്കും. ഈ പട്ടിക ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ക്ക് നല്‍കും.
- ഫീല്‍ഡ്തല പരിശോധന. ഇതിലൂടെ യഥാര്‍ഥ വോട്ടര്‍മാരെ കണ്ടെത്തും.
- വോട്ടര്‍സ്‌ളിപ്പ് വിതരണത്തിനൊപ്പമാണ് ഫീല്‍ഡുതല പരിശോധന. വോട്ടര്‍മാര്‍ക്ക് യഥാര്‍ഥ എന്‍ട്രി ഉപയോഗിച്ച് ഒരു വോട്ട് മാത്രമേ ചെയ്യാനാകൂ എന്ന് ബോധ്യപ്പെടുത്തും. 5, ബി. എല്‍.ഒ.മാര്‍ കണ്ടെത്തുന്ന ആവര്‍ത്തനം അവര്‍ക്കു നല്‍കിയിട്ടുള്ള സമാനവോട്ടര്‍മാരുടെ പട്ടികയില്‍ രേഖപ്പെടുത്തും. ഇത് ഈമാസം 30-നുമുമ്പ് വരണാധികാരികള്‍ക്ക് നല്‍കണം.
- തിരഞ്ഞെടുപ്പിന് മുന്പ് ആവര്‍ത്തനമുള്ള പേരുകാരുടെ പട്ടിക വരണാധികാരികള്‍ പ്രിസൈഡിങ് ഓഫീസര്‍മാര്‍ക്ക് നല്‍കും.
- വോട്ടെടുപ്പ് ദിനത്തില്‍ കള്ളവോട്ട് തടയാനായി ആവര്‍ത്തനമുള്ള വോട്ടര്‍മാരുടെ പട്ടിക പ്രിസൈഡിങ് ഓഫീസര്‍മാര്‍ പ്രത്യേകം അടയാളപ്പെടുത്തും.
- ഈ പട്ടികയിലുള്ള വോട്ടര്‍മാര്‍ക്ക് കൃത്യമായി വിരലില്‍ മഷി പതിപ്പിക്കും.
- മഷി ഉണങ്ങിയശേഷം മാത്രമേ ബൂത്ത് വിടാന്‍ അനുവദിക്കൂ. ഇതേയാള്‍ മറ്റൊരിടത്ത് വോട്ടുചെയ്യുന്നത് ഒഴിവാക്കാനാണിത്.






