കൂടരഞ്ഞിയിൽ രാഹുൽഗാന്ധി നയിക്കുന്ന റോഡ് ഷോ ഇന്ന്; ടൗണിൽ ഗതാഗത നിയന്ത്രണം

തിരുവമ്പാടി നിയോജകമണ്ഡലം യു ഡി എഫ് സ്ഥാനാർഥി സി പി ചെറിയ മുഹമ്മദിന്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം രാഹുൽഗാന്ധി നയിക്കുന്ന റോഡ് ഷോ ഇന്ന് കൂടരഞ്ഞിയിൽ നടക്കും. ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്ക് കൂടരഞ്ഞി ഹൈസ്‌കൂൾ ഗ്രൗണ്ടിൽ ഹെലികോപ്റ്ററിൽ ഇറങ്ങുന്ന രാഹുൽഗാന്ധി പങ്കെടുക്കുന്ന റോഡ് ഷോ കൂടരഞ്ഞി ബസ് സ്റ്റാൻഡിൽ വച്ച് നടക്കുന്ന കോർണർ മീറ്റിങ്ങോടുകൂടി സമാപിക്കും.
കൂടരഞ്ഞി അങ്ങാടിയിൽ റോഡ് ഷോ നടത്തുന്നതിന്റെ ഭാഗമായി ഇന്ന് ഉച്ചയ്ക്ക് 12 മണി മുതൽ വൈകിട്ട് 4 മണി വരെ കൂടരഞ്ഞി അങ്ങാടി വഴി കടന്നു പോകുന്ന വാഹനങ്ങൾ കൂടരഞ്ഞി അങ്ങാടിയിൽ പ്രവേശിക്കാതെ മറ്റു റോഡുകൾ വഴി കടന്നു പോകണമെന്ന് പോലീസ് അറിയിച്ചു.
രാഹുൽ ഗാന്ധിയുടെ സന്ദർശനത്തോടനുബന്ധിച്ച് മേഖലയിൽ സുരക്ഷാ സന്നാഹങ്ങൾ ശക്തമാക്കി. വിവിധ സുരക്ഷാ സേനകളെത്തി പ്രദേശത്തെ സ്ഥിതിഗതികൾ വിലയിരുത്തി. കൂടരഞ്ഞിയിലെ റോഡ് ഷോയ്ക്ക് ശേഷം രാഹുൽഗാന്ധി അരീക്കോട് നടക്കുന്ന പരിപാടിയിൽ പങ്കെടുക്കും.







