Kerala

87ാമത് ശിവഗിരി തീര്‍ത്ഥാടനം ഇന്ന് ആരംഭിക്കും; ഉദ്ഘാടകന്‍ ഉപരാഷ്ട്രപതി

വര്‍ക്കല: എണ്‍പത്തി ഏഴാമത് ശിവഗിരി തീര്‍ത്ഥാടനം ഇന്ന് ആരംഭിക്കും. രാവിലെ പത്ത് മണിക്ക് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവാണ് ചടങ്ങുകള്‍ ഉദ്ഘാടനം ചെയ്യുന്നത്. തീര്‍ത്ഥാടന സമ്മേളനം ഉദ്ഘാടനം ചെയ്യുന്നത് മുഖ്യമന്ത്രി പിണറായി വിജയനാണ്. ശിവഗിരി തീര്‍ത്ഥാടനം പ്രമാണിച്ച് ഇന്ന് മുതല്‍ ബുധനാഴ്ച വരെ കോട്ടയത്തിനും കൊച്ചുവേളിക്കുമിടയില്‍ ഓരോ പാസഞ്ചര്‍ ട്രെയിന്‍ സ്‌പെഷ്യല്‍ സര്‍വീസ് നടത്തും. നാളെ രാവിലെയാണ് തീര്‍ത്ഥാടന ഘോഷയാത്ര ആരംഭിക്കുക. ജനുവരി ഒന്നിന് തീര്‍ത്ഥാടനം അവസാനിക്കും.

ഹൈദരാബാദില്‍ നിന്ന് പ്രത്യേക വിമാനത്തിലാണ് ഉപരാഷ്ട്രപതി തിരുവനന്തപുരത്ത് എത്തുക. തുടര്‍ന്ന് റോഡ് മാര്‍ഗം വഴി ശിവഗിരിയിലേക്ക്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പരിപാടിക്ക് അധ്യക്ഷത വഹിക്കും. ശിവഗിരി തീര്‍ഥാടനം ഉദ്ഘാടനം ചെയ്യുന്നതിന് പുറമെ സത്യസായി ഓര്‍ഫനേജ് ട്രസ്റ്റിന്റെ രജതജൂബിലി ആഘോഷത്തിലും ഉപരാഷ്ട്രപതി പങ്കെടുക്കുന്നുണ്ട്. ആറ്റിങ്ങല്‍ തോന്നയ്ക്കലിലുള്ള സായി ഗ്രാമത്തില്‍ ഉച്ചയ്ക്ക് 12 മണിയോടെ ഉപരാഷ്ട്രപതി എത്തുമെന്നാണ് റിപ്പോര്‍ട്ട്.

ഇതിനുപുറമെ വൈകുന്നേരം നാല് മണിക്ക് മാര്‍ ഇവാനിയോസ് കേളേജില്‍ നടക്കുന്ന ദേശീയ ബാലശാസ്ത്ര കോണ്‍ഗ്രസിലും വെങ്കയ്യ നായിഡു പങ്കെടുക്കുന്നുണ്ട്. വൈകുന്നേരം 5.30-ന് അദ്ദേഹം തിരിച്ച് ഹൈദരാബാദിലേക്ക് മടങ്ങും. ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനം പ്രമാണിച്ച് രാവിലെ ഒമ്പത് മണി മുതല്‍ തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് സിറ്റി ട്രാഫിക് പോലീസ് അറിയിച്ചു.

Related Articles

Leave a Reply

Back to top button