നരിക്കുനിയിൽ അടക്ക മോഷ്ടിച്ച കേസിൽ പ്രതിയെ മുക്കത്തെ കടയിലെത്തിച്ച് തെളിവെടുപ്പ് നടത്തി

മുക്കം: അടക്ക മോഷ്ടാവിനെ മുക്കത്തെ കടയിലെത്തിച്ച് തെളിവെടുപ്പ് നടത്തി. നരിക്കുനിയിൽ ജനുവരി ആദ്യവാരത്തിൽ അടക്ക മോഷ്ടിച്ച കേസിൽ കൊടുവള്ളി പോലീസ് അറസ്റ്റ് ചെയ്ത കുന്ദമംഗലം പെരിങ്ങളം അറപ്പൊയിൽ മുജീബിനെയാണ് തെളിവെടുപ്പിനായി കൊണ്ടുവന്നത്. മോഷ്ടിച്ച അടക്ക ഇയാൾ മുക്കത്തെ പലചരക്ക് കടയിലാണ് വിറ്റത്. കടയിൽ നിന്നും തൊണ്ടിമുതൽ പോലീസ് കണ്ടെടുത്തു.
മോഷ്ടിച്ച കാറുകളിൽ എത്തി അടക്ക മോഷ്ടിക്കുന്നതാണ് ഇയാളുടെ രീതി. ഇയാൾ മുമ്പും നിരവധി കേസുകളിൽ പ്രതിയാണ്. മുൻപ് അടക്ക മോഷ്ടിച്ചതിനെത്തുടർന്ന് എടച്ചേരി പോലീസ് ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. കൊടുവള്ളി എസ്ഐ ബിജേഷ്, റഷീദ്, ഒ.പി. ബിജു, പ്രവീൺ, റഹീം എന്നിവരുടെ നേതൃത്വത്തിലാണ് തെളിവെടുപ്പ് നടന്നത്. അതേസമയം സംഭവം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവർത്തകരെ പ്രതി അസഭ്യം പറയുകയും ആക്ഷേപിക്കുകയും ചെയ്തു.







