Kerala

രാത്രികാല കർഫ്യൂ; ബെവ്കോ സമയക്രമത്തിൽ മാറ്റം

സംസ്ഥാനത്തെ രാത്രികാല കർഫ്യൂ പശ്ചാത്തലത്തിൽ ബെവ്കോ ഔട്ട്ലെറ്റുകളുടെ സമയക്രമത്തിൽ മാറ്റം. ഔട്ട്ലെറ്റുകളുടെയും വെയർഹൗസുകളുടെയും പ്രവർത്തനം രാവിലെ 10 മുതൽ രാത്രി എട്ടു മണി വരെയായി മാറ്റി. നിലവിൽ രാത്രി 9 വരെ ആയിരുന്നു ബെവ്കോ ഔട്ട്ലെറ്റുകളുടെ പ്രവർത്തനം. എന്നാൽ, ബാറുകളുടെ പ്രവർത്തന സമയത്തിൽ അനിശ്ചിതത്വം തുടരുന്നു. നിലവിൽ രാത്രി 9 മണിവരെയാണ് ബാറുകളുടെ പ്രവർത്തനം.

കൊവിഡ് അതിതീവ്ര വ്യാപനം ബാധിച്ചിരിക്കെ സംസ്ഥാനത്ത് ഇന്ന് മുതലാണ് കര്‍ശന നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തിയിരിക്കുന്നത്. രാത്രി ഒന്‍പത് മുതല്‍ പുലര്‍ച്ചെ അഞ്ച് വരെ രാത്രി കര്‍ഫ്യൂ പ്രാബല്യത്തില്‍ വന്നു. പൊതുഗതാഗതത്തിനും ചരക്കു നീക്കത്തിനും കര്‍ഫ്യൂ ബാധകമല്ല.

രാത്രി ഒന്‍പത് മണി മുതല്‍ പുലര്‍ച്ചെ അഞ്ച് മണി വരെ അടിയന്തര ആവശ്യങ്ങള്‍ക്ക് അല്ലാതെ പൊതുജനങ്ങള്‍ പുറത്തിറങ്ങരുത്.അനാവശ്യ യാത്രകളും രാത്രി കാലത്തെ കൂട്ടംചേരലുകളും അനുവദിക്കില്ല. പൊലീസ്, ആരോഗ്യ പ്രവര്‍ത്തകര്‍ , മാധ്യമ പ്രവര്‍ത്തകര്‍, പാല്‍- പത്ര വിതരണം, രാത്രി ഷിഫ്റ്റില്‍ ജോലി നോക്കുന്നവര്‍, മെഡിക്കല്‍ സ്റ്റോര്‍, ആശുപത്രി, പെട്രോള്‍ പമ്പുകള്‍ എന്നീ വിഭാഗങ്ങള്‍ക്ക് ഇളവ് ഉണ്ടാകും. കര്‍ഫ്യൂ ലംഘിക്കുന്നവര്‍ കേസ് ഉള്‍പ്പെടെയുള്ള നിയമ നടപടികള്‍ നേരിടേണ്ടി വരും.

ഷോപ്പിംഗ് മാളുകള്‍ക്കും സിനിമാശാലകള്‍ക്കും പ്രവര്‍ത്തനാനുമതി രാത്രി 7.30 വരെയാണ്. ട്യൂഷന്‍ സെന്റുകള്‍ക്ക് പ്രവര്‍ത്തനാനുമതിയില്ല. ട്യൂഷന്‍ ക്ലാസുകള്‍ ഓണ്‍ലൈന്‍ വഴി നടത്താനാണ് നിര്‍ദേശം. വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ മീറ്റിംഗുകള്‍, ട്രെയിനിംഗുകള്‍, മറ്റു പരിപാടികള്‍ എല്ലാം കഴിയുന്നതും ഓണ്‍ലൈന്‍ വഴി ആക്കണം. ആരാധനാലയങ്ങളില്‍ കൂട്ടംചേരലുകള്‍ ഒഴിവാക്കണം. പതിവ് ആരാധനകളും ഉത്സവങ്ങളും ഓണ്‍ലൈനായി നടത്തണം.

Related Articles

Leave a Reply

Back to top button