Thiruvambady

തിരുവമ്പാടി ഗ്രാമപഞ്ചായത്ത് കോവിഡ് അവലോകന സർവകക്ഷി യോഗം ചേർന്നു

തിരുവമ്പാടി പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ടിന്റെ നേതൃത്വത്തിൽ കോവിഡ് പ്രതിരോധ സർവകക്ഷി യോഗം ചേർന്നു. ജില്ലാ പഞ്ചായത്ത് മെമ്പർ അപമാനിച്ചുവെന്നും ഇത് പഞ്ചായത്ത് പ്രസിഡന്റ് നോക്കി നിന്നുവെന്നും ആരോപിച്ച് എൽ ഡി എഫ് അംഗങ്ങൾ യോഗം ബഹിഷ്‌കരിച്ച് ഇറങ്ങിപ്പോയി.

കോവിഡ് അവലോകന/പ്രതിരോധ കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായി ചേർന്ന യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ട്, വൈസ് പ്രസിഡന്റ് അബ്‌ദുരഹിമാൻ, സഹകരണ ബാങ്ക് പ്രസിഡന്റ് ജോളി ജോസഫ്, ജില്ലാ പഞ്ചായത്ത് മെമ്പർ ബോസ് ജേക്കബ്, കെ വി വി ഈ എസ് പ്രസിഡന്റ് ജിജി കെ തോമസ് എന്നിവർ തങ്ങളുടെ നിർദ്ദേശങ്ങൾ പങ്കുവെച്ചു. വാർഡ് തലത്തിലുള്ള പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കി മുന്നോട്ടു പോകുവാനാണ് യോഗത്തിലെ തീരുമാനം.

പഞ്ചായത്തിലെ നിലവിലുള്ള കോവിഡ് വ്യാപനത്തിന്റെയും പ്രതിരോധ പ്രവർത്തനങ്ങളുടെയും സ്ഥിതിഗതികൾ ഹെൽത്ത് ഇൻസ്‌പെക്ടർ അബ്‌ദുരഹിമാൻ വിശദമാക്കി. കോവിഡ് ടെസ്റ്റുകളും വാക്സിനേഷൻ പ്രവർത്തനങ്ങളും കാര്യക്ഷമമായിതന്നെ മുന്നോട്ട് കൊണ്ടുപോകുവാൻ സാധിക്കുന്നുണ്ടെന്ന് ഹെൽത്ത് ഇൻസ്‌പെക്ടർ വ്യക്തമാക്കി.

വരും ദിവസങ്ങളിൽ സംസ്ഥാന സർക്കാരിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും നിർദ്ദേശങ്ങൾ പ്രകാരം തന്നെ പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കും. കോവിഡ് സംബന്ധമായ വിഷയങ്ങളിൽ പഞ്ചായത്ത് ഭരണകൂടം വേണ്ടത്ര ശ്രദ്ധ ചെലുത്തുന്നില്ലെന്ന ആരോപണങ്ങൾ ഉയരുന്ന സാഹചര്യത്തിലാണ് ഇന്ന് യോഗം ചേർന്നത്. യോഗത്തിൽ വിവിധ രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികൾ, പഞ്ചായത്ത് സെക്രട്ടറി, പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ, പോലീസ് പ്രതിനിധി തുടങ്ങിയവരും പങ്കെടുത്തു.

Related Articles

Leave a Reply

Back to top button