തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിലെ കോവിഡ് വാക്സിനേഷൻ വിതരണത്തിൽ ക്രമക്കേടെന്ന് ആരോപണം

തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിൽ കോവിഡ് വാക്സിനേഷൻ താളം തെറ്റുന്നതിൽ പ്രതിഷേധം. ഓൺലൈൻ രജിസ്ട്രേഷൻ നടത്തിയവർ വാക്സിൻ എടുക്കാൻ വന്നപ്പോൾ വാക്സിൻ ലഭിക്കാത്തതിനെ തുടർന്നാണ് പ്രതിഷേധം ഉണ്ടായത്. മറ്റു പഞ്ചായത്തുകളിൽ നിന്നും മുനിസിപ്പാലിറ്റിയിൽ നിന്നും വന്നവർ അടക്കം 35 ഓളം പേർക്കാണ് വാക്സിൻ ലഭിക്കാതിരുന്നത്. രാവിലെ എട്ട് മണി മുതൽ കുടുംബാരോഗ്യ കേന്ദ്രത്തിൽ എത്തിയവർക്ക് ഒരു മണി ആയിട്ടും വാക്സിൻ ലഭിക്കാത്തതിനെ തുടർന്നാണ് ഇവർ പ്രതിഷേധിച്ചത്. ഇതേതുടർന്ന് പോലീസ് സ്ഥലത്തെത്തുകയും ഓൺലൈൻ രജിസ്ട്രേഷൻ പൂർത്തിയാക്കിയ മുഴുവനാളുകൾക്കും വാക്സിൻ ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്തു.
രാഷ്ട്രീയ പാർട്ടി നേതാക്കൾ അവർക്ക് വേണ്ടപ്പെട്ടവരെ ലിസ്റ്റിൽ തിരുകി കയറ്റാൻ ശ്രമിച്ചതിനെ തുടർന്നാണ് വാക്സിൻ തീർന്നു പോയതെന്ന് സമരക്കാർ ആരോപിച്ചു.
നിലവിൽ ഒരു ദിവസം 150 ഓളം ആളുകൾക്കാണ് വാക്സിനേഷൻ നൽകുന്നത്, പ്രതിഷേധത്തെ തുടർന്ന് രണ്ടുമണിയോടെ കൂടി വാക്സിൻ എത്തിക്കുകയും ഓൺലൈൻ രജിസ്ട്രേഷൻ ചെയ്ത് എത്തിയ ആളുകൾക്ക് വാക്സിൻ നൽകുകയും ചെയ്തു.
എന്നാൽ പഞ്ചായത്ത് ഭരണസമിതി സ്പോട്ട് രജിസ്ട്രേഷനിലൂടെ ആളുകളെ തിരുകി കേറ്റുകയാണെന്നും ഇതാണ് പ്രശ്നങ്ങൾക്കെല്ലാം കാരണമെന്നും ഡി വൈ എഫ് ഐ ആരോപിച്ചു.







