പുല്ലൂരാംപാറ സെൻ്റ് ജോസഫ്സ് ഹയർസെക്കണ്ടറി സ്കൂളിന് സാനിറ്റേഷൻ അവാർഡ്

പുല്ലൂരാംപാറ: പുല്ലൂരാംപാറ സെൻ്റ് ജോസഫ്സ് ഹയർസെക്കണ്ടറി സ്കൂളിന് സാനിറ്റേഷൻ അവാർഡ്. സ്കൗട്ട് & ഗൈഡ്സിൻ്റെ നേതൃത്വത്തിൽ, ഗവൺമെൻ്റിൻ്റെ ഹരിത കേരളമിഷൻ പരിപാടിയുടെ ഭാഗമായി നടത്തിയ ശുചീകരണ-ബോധവത്ക്കരണ പ്രവർത്തനങ്ങൾ, ജൈവ വൈവിദ്ധ്യോദ്യാനമൊരുക്കൽ എന്നിവ പരിഗണിച്ച് സർക്കാർ ‘സാനിറ്റേഷൻ അവാർഡ് ‘ നൽകി.
ഗ്രീൻ പ്രോട്ടോക്കോൾ പാലിച്ചുകൊണ്ട് നടപ്പിലാക്കിയ പൊതുസ്ഥലങ്ങളിലെ ശുചീകരണം, ഓടകൾ വൃത്തിയാക്കൽ, വീഡിയോ- പോസ്റ്റർ പ്രദർശനം, ഗൃഹസന്ദർശനം, ശാസ്ത്രീയമായ ജൈവ-അജൈവ മാലിന്യ സംസ്കരണം,പ്ലാസ്റ്റിക് വിമുക്ത വിദ്യാലയം, പേപ്പർ പേനനിർമ്മാണം, ഡിസ്പോസിബിൾ ഗ്ലാസ്സുകൾക്ക് പകരം പൊതുപരിപാടികളിൽ സ്റ്റീൽ ഗ്ലാസ്സുകളുടെ ഉപയോഗം, 50-ഓളം ഔഷധ സസ്യങ്ങളും, ഫലവൃക്ഷങ്ങളും ഉൾപ്പെടുന്ന ‘ആയുസ്’ എന്ന പേരിൽ ഉദ്യാനം തുടങ്ങിയ പ്രവർത്തനങ്ങളാണ് അവാർഡിനർഹമാക്കിയത്.
മുൻ പ്രിൻസിപ്പൽ ബെന്നി ലൂക്കോസ്, അദ്ധ്യാപകരായ ജസ്റ്റിൻ ജോസഫ്, പ്രമോദ് കെ, പി.ടി.എ പ്രസിഡൻ്റ് ജോസുകുട്ടി നീണ്ടു കുന്നേൽ, സ്കൗട്ട് മാസ്റ്റർ ഷീൻ.പി.ജേക്കബ്, ഗൈഡ് ക്യാപ്റ്റൻ ഹെക്സിന ജേക്കബ് എന്നിവരാണ് നേതൃത്വം നൽകിയത്.







