കോവിഡ് കേസുകൾ വർധിക്കുന്നു ; പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി

മുക്കം∙ നഗരസഭയിലും കൊടിയത്തൂർ,കാരശ്ശേരി പഞ്ചായത്തുകളിലും കോവിഡ് കേസുകൾ വർധിക്കുന്നു. പ്രതിരോധ പ്രവർത്തനങ്ങളും ബോധവൽക്കരണവും ഊർജിതമാക്കി പൊലീസും ആരോഗ്യ വകുപ്പും രംഗത്ത് സജീവമായി. കൊടിയത്തൂർ പഞ്ചായത്തിൽ ഇന്നലെ 31 കോവിഡ് പോസിറ്റീവ് കേസുകൾ സ്ഥിരീകരിച്ചു. പഞ്ചായത്തിൽ ഇതേവരെ 10 കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തതായി അധികൃതർ പറഞ്ഞു. നിലവിൽ 106 രോഗികൾ പഞ്ചായത്തിലുണ്ട്. നഗരസഭയിൽ ഇന്നലെ 18 കോവിഡ് കേസുകൾ സ്ഥിരീകരിച്ചു നഗരസഭയിലെ കുറ്റിപ്പാലയിൽ ഇന്നലെയും ഒരു കോവിഡ് മരണം റിപ്പോർട്ട് ചെയ്തു.
കാരശ്ശേരി പഞ്ചായത്തിൽ ഇന്നലെ 21 പേർക്ക് രോഗം സ്ഥിരീകരിച്ചു. നിലവിൽ പഞ്ചായത്തിൽ 79 രോഗികളുണ്ട്. മാസ്ക് ധരിക്കാത്തവർക്കെതിരെയും ആൾക്കൂട്ടങ്ങൾക്കെതിരെയും ശക്തമായ നടപടിയുമായി പൊലീസും രംഗത്തെത്തി. കോവിഡ് പ്രോട്ടോക്കോൾ ലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടി പ്രഖ്യാപിച്ച് വാഹന അനൗൺസ്മെന്റും പൊലീസ് സ്റ്റേഷൻ പരിധിയിൽ നടത്തി. ബസുകൾ, ബസ് സ്റ്റാൻഡുകൾ, കച്ചവട സ്ഥാപനങ്ങൾ എന്നിവ കേന്ദ്രീകരിച്ചും പൊലീസ് പരിശോധന ശക്തമാക്കി.







