രോഗികൾക്കും കൂട്ടിരിപ്പുകാർക്കും നോമ്പുതുറ വിഭവങ്ങൾ നൽകി

മുക്കം : ആശുപത്രിയിലെ കിടപ്പുരോഗികൾക്കും കൂട്ടിരിപ്പുകാർക്കും നോമ്പുതുറ വിഭവങ്ങൾ നൽകി ചാത്തമംഗലം പുള്ളാവൂർ ശിഹാബ് തങ്ങൾ ചാരിറ്റബിൾ ട്രസ്റ്റ്. മുക്കം കെ.എം.സി.ടി. മെഡിക്കൽ കോളേജിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമാണ് എല്ലാദിവസവും നോമ്പുതുറ വിഭവങ്ങൾ എത്തിച്ചുനൽകുന്നത്. പുള്ളാവൂർ സ്വദേശിനിയും വാർഡ് അംഗവുമായ ഹസീനയുടെ ഭർത്താവ് കെ.എം.സി.ടി. ഹോസ്പിറ്റലിൽ അഡ്മിറ്റാവുകയും ആ സമയങ്ങളിൽ നോമ്പുതുറക്കാൻ ഹസീന നേരിട്ട ബുദ്ധിമുട്ട് ട്രസ്റ്റ് ഭാരവാഹികളെ അറിയിക്കുകയും ചെയ്തതോടെയാണ് ഇത്തരമൊരു ദൗത്യം ഏറ്റെടുക്കാൻ പുള്ളാവൂർ ശിഹാബ് തങ്ങൾ ചാരിറ്റബിൾ ട്രസ്റ്റ് തയ്യാറായതെന്ന് ഭാരവാഹികൾ പറഞ്ഞു.
ഭക്ഷണക്കിറ്റ് വിതരണോദ്ഘാടനം മുസ്‌ലിംലീഗ് സംസ്ഥാന സെക്രട്ടറി സി.പി. ചെറിയമുഹമ്മദ് നിർവഹിച്ചു. പുള്ളാവൂർ ശിഹാബ് തങ്ങൾ ചാരിറ്റബിൾ ട്രസ്റ്റിന്റെ ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് അദ്ദേഹം പറഞ്ഞു.
ഒരുദിവസം 200-ലേറെ ആളുകൾക്കാണ് ഭക്ഷണപ്പൊതി നൽകുന്നത്. ഓരോ ദിവസങ്ങളിലും വ്യത്യസ്തരീതിയിലുള്ള ഭക്ഷണങ്ങളും ജ്യൂസും ചായയും ഉൾപ്പെടെയുള്ള വിഭവങ്ങളുമാണ് വിതരണംചെയ്യുന്നത്. ചാത്തമംഗലം മുസ്‌ലിംലീഗ് ട്രഷറർ കെ.കെ. മുഹമ്മദ്, വാർഡ് ലീഗ് പ്രസിഡന്റ് മൂസക്കുട്ടി, പി.ടി.എ. റഹ്മാൻ, ഹസീന പുതിയറമ്പത്ത്, അബു, സലാം കല്ലായ്, അസീസ് പുള്ളാവൂർ, അക്ബർ, ഷബീർ, ഷുക്കൂർ, സിറാജ്, ബിൻഷാദ്, റാഷിദ് തുടങ്ങിയവർ നേതൃത്വം നൽകി.







