ഡി വൈ എഫ് ഐ നേതാവിന്റെ നേതൃത്വത്തിൽ നടക്കുന്ന കോവിഡ് പ്രോട്ടോകോൾ ലംഘനത്തിനെതിരെ പരാതിയുമായി യൂത്ത് കോൺഗ്രസ്

തിരുവമ്പാടിയിൽ ഡി വൈ എഫ് ഐ നേതാവിന്റെ നേതൃത്വത്തിൽ നടക്കുന്ന കോവിഡ് പ്രോട്ടോകോൾ ലംഘനത്തിനെതിരെയും വ്യാജ ആരോപണങ്ങൾക്കെതിരെയും പരാതിയുമായി യൂത്ത് കോൺഗ്രസ് രംഗത്ത്. രാഷ്ട്രീയ ലക്ഷ്യം മുന്നിൽക്കണ്ട് തിരുവമ്പാടി ഹെൽത്ത് സെന്ററിൽ ഡി വൈ എഫ് ഐ അനധികൃതമായി തുടങ്ങിയ ഹെൽപ്പ് ഡെസ്ക് പൊതുജനത്തിന് പ്രയാസം ഉണ്ടാക്കിയതിനെ തുടർന്ന് കഴിഞ്ഞ ദിവസം നിർത്തിവെപ്പിച്ചിരുന്നു. ഇതിന്റെ ജാള്യത മറയ്ക്കാനായി ഗ്രാമപഞ്ചായത്തിനെതരെ
നിരന്തരം വ്യാജ വാർത്തകൾ സൃഷ്ടിക്കുകയാണെന്നും ഡി വൈ എഫ് ഐ പൊതുജനമധ്യത്തിൽ അപഹാസ്യരാകുന്നത് തിരിച്ചറിയണമെന്നും യൂത്ത് കോൺഗ്രസ് ആക്ഷേപിച്ചു.
കോവിഡ് ടെസ്റ്റിനായും വാക്സിനേഷനായും എത്തിയ മുഴുവനാളുകൾക്കും അതിനുള്ള സൗകര്യം തിരുവമ്പാടി ഗ്രാമപഞ്ചായത്തിൽ ഒരുക്കിയിരുന്നുവെന്നും ഒരാൾക്ക് പോലും ടെസ്റ്റ് ലഭിക്കാതെ ഇരുന്നിട്ടില്ലെന്നും കൂടാതെ ഏറ്റവും കൂടുതൽ വാക്സിൻ കൊടുത്ത പഞ്ചായത്ത് തിരുവമ്പാടി ആണെന്നും യൂത്ത് കോൺഗ്രസ് ചൂണ്ടിക്കാട്ടി. തിരുവമ്പാടി ഗ്രാമപഞ്ചായത്ത് ഭരണം സി പി എമ്മിന് നഷ്ടപ്പെട്ടതിലുള്ള മനോവിഷമത്തിൽ പടച്ചുവിടുന്ന പൊള്ളയായ ആരോപണങ്ങൾ തള്ളിക്കളയുന്നതായും ഇത് സംബന്ധിച്ച് പരാതി നൽകാൻ തീരുമാനിച്ചതായും യൂത്ത് കോൺഗ്രസ് ഭാരവാഹികൾ അറിയിച്ചു.







