മലയോര ഹൈവേ നിർമാണ പ്രവർത്തികൾക്ക് തുടക്കം

തിരുവമ്പാടി: നിർദിഷ്ട മലയോര ഹൈവേയുടെ തിരുവമ്പാടി മണ്ഡലത്തിലെ നിർമ്മാണ പ്രവർത്തികൾ ആരംഭിക്കുന്നു. കോടഞ്ചേരി മുതൽ കക്കാടംപൊയിൽ വരെയുള്ള ആദ്യഘട്ട റീച്ചിന്റെ നിർമ്മാണമാണ് ആരംഭിക്കുന്നത്. നിർമ്മാണ പ്രവർത്തികൾ ആരംഭിക്കുന്നതിന്റെ മുന്നോടിയായി സേവനദാതാക്കളുടെയും പൊതുമരാമത്ത് വകുപ്പിന്റെയും ജനപ്രതിനിധികളുടെയും യോഗം ചേർന്നു.
കെ എസ് ഇ ബി, കേരള വാട്ടർ അഥോറിറ്റി, ബി എസ് എൻ എൽ എന്നീ സേവന ദാതാക്കളുടെ ലൈനുകൾ മാറ്റി സ്ഥാപിക്കേണ്ടതായുള്ളതിനാൽ ഓരോ വകുപ്പും വിശദ എസ്റ്റിമേറ്റ് ഒരാഴ്ചക്കകം തയാറാക്കി പൊതുമരാമത്ത് വകുപ്പിനെ ഏൽപ്പിക്കണമെന്നും മൂന്ന് ആഴ്ചയ്ക്കുള്ളിൽ കിഫ്ബി അനുമതി നേടിയെടുക്കാൻ വേണ്ട ക്രമീകരണങ്ങൾ നടത്തുവാനും യോഗം തീരുമാനിച്ചു.
പാതയുടെ ഭാഗമായി പ്രധാന കേന്ദ്രങ്ങളിൽ യൂട്ടിലിറ്റി ഡക്റ്റുകൾ സ്ഥാപിക്കുന്നതിന് കിഫ്ബി അനുമതി വാങ്ങുന്നതിനും യോഗത്തിൽ തീരുമാനമായി.
യോഗത്തിൽ എം എൽ എ ജോർജ് എം തോമസ് അധ്യക്ഷത വഹിച്ചു. തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ടി അഗസ്റ്റിൻ, പൊതുമരാമത്ത് റോഡ് വിഭാഗം എക്സിക്യൂട്ടീവ് എൻജിനിയർ വിനയ് രാജ്, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ ബിനീഷ്, കേരള വാട്ടർ അഥോറിറ്റി എക്സിക്യൂട്ടീവ് ജമാൽ, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ പി കെ നന്ദകുമാർ, അസിസ്റ്റന്റ് എൻജിനിയർ യു കെ സത്യൻ, കെ എസ് ഇ ബി എക്സിക്യൂട്ടീവ് എൻജിനിയർ നിഷാ ബാനു, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ കെ കെ അജയൻ, ധനീഷ്, ഡയറക്ടർ പി പ്രകാശൻ, എൻജിനിയർ സന്ദീപ്, ജോളി ജോസഫ്, കെ ഡി ആന്റണി, വി കെ പീതാംബരൻ തുടങ്ങിയവർ പങ്കെടുത്തു.







