കൊവിഡിന്‍റെ ഉറവിടം ലാബിൽ തന്നെയെന്ന് പുതിയ പഠനം

ലണ്ടൻ: കൊവിഡ് 19നു കാരണമായ സാർസ് കൊവ് 2 വൈറസ് സ്വാഭാവികമായി രൂപംകൊണ്ടതല്ലെന്നു പഠനം. റിവേഴ്സ് എൻജിനീയറിങ്ങിലൂടെ വുഹാൻ ലാബിൽ രൂപപ്പെടുത്തിയതാണു നോവൽ കൊറോണ വൈറസിനെ എന്നാണ് ബ്രിട്ടിഷ് പ്രൊഫസർ ആംഗസ് ഡാൽഗ്ലീഷും നോർവീജിയൻ ഗവേഷകൻ ഡോ. ബിർജർ സോറൻസെന്നും ചേർന്നു നടത്തിയ പഠനത്തിൽ പറയുന്നത്. ഇതിനു പ്രാഥമിക തെളിവുകളും തങ്ങളുടെ പക്കലുണ്ടെന്ന് ഇവർ പറയുന്നു. എന്നാൽ, ഡബ്ല്യുഎച്ചഒയോ ശാസ്ത്രലോകമോ ഇതേക്കുറിച്ചു പ്രതികരിച്ചിട്ടില്ല.
വൈറസിനെ സംബന്ധിച്ച വിവരങ്ങൾ ചൈന ഒളിച്ചുവയ്ക്കുകയോ നശിപ്പിക്കുകയോ ചെയ്തത് ഇതിന്‍റെ അസ്വാഭാവിക ഉറവിട വെളിപ്പെടാതിരിക്കാനാണെന്നും ഡാൽഗ്ലീഷും സോറൻസെന്നും പറഞ്ഞു. കൊവിഡ് വാക്സിൻ കണ്ടെത്താൻ നടത്തിയ ഗവേഷണത്തിലാണ് വൈറസിൽ “സവിശേഷ മനുഷ്യ സ്പർശം’ കണ്ടെത്തിയതെന്നാണ് ഇരുവരും പറയുന്നത്. വവ്വാലുകളിൽ കാണപ്പെടുന്നി കൊറോണ വൈറസിൽ പുതിയ സ്പൈക്ക് പ്രോട്ടീൻ ഘടിപ്പിച്ച് അതിവേഗം പടരുന്ന സാർസ് കൊവ് 2 വൈറസാക്കി മാറ്റുകയായിരുന്നു. 2002ലെ സാർസ് 1, 2012ലെ മെർസ് എന്നിവ വവ്വാലിൽ നിന്നുള്ള വൈറസുകൾ മൂലം പടർന്നതായിരുന്നു. ഈ വൈറസിൽ കൃത്രിമമായി മാറ്റം വരുത്തിയതാണ് പുതിയ വൈറസെന്നാണ് ഇവരുടെ കണ്ടെത്തൽ.
വവ്വാലുകളിൽ നിന്നു മറ്റേതോ മൃഗത്തിലേക്കും അവിടെ നിന്നു മനുഷ്യരിലേക്കും പടർന്നതാണ് കൊവിഡ് വൈറസെന്നാണ് ഇതുവരെയുള്ള റിപ്പോർട്ടുകൾ. എന്നാൽ, ഇവയെല്ലാം തളളുന്നതാണു പുതിയ പഠനം. സാർസ് കൊവ് 2 വൈറസ് സ്വാഭാവികമായി രൂപം കൊണ്ടതാണെന്നു വിശ്വസിക്കുന്നില്ലെന്ന് യുഎസ് പകർച്ചവ്യാധി ചികിത്സാ വിദഗ്ധൻ ആന്‍റണി ഫൗചി പറഞ്ഞിരുന്നു. കൊവിഡിന്‍റെ ഉറവിടത്തെക്കുറിച്ച് അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കൊവിഡിന്‍റെ ഉറവിടത്തെക്കുറിച്ച് എല്ലാ മാർഗങ്ങളുമുപയോഗിച്ച് അന്വേഷിക്കാനും 90 ദിവസത്തിനുള്ളിൽ റിപ്പോർട്ട് നൽകാനും യുഎസ് പ്രസിഡന്‍റ് ജോ ബൈഡൻ അമെരിക്കൻ രഹസ്യാന്വേഷണ വിഭാഗത്തോട് നിർദേശിച്ചിട്ടുണ്ട്.







