ആറ് വയസ്സുവരെയുള്ളവരുടെ ഭിന്നശേഷി കണ്ടെത്താനുള്ള ചികിത്സതുടങ്ങി

കോഴിക്കോട്: നവജാതശിശുക്കൾ തുടങ്ങി ആറ് വയസ്സു വരെയുള്ളവരുടെ ഭിന്നശേഷി കണ്ടെത്താനും പരിഹരിക്കാനുമുള്ള ചികിത്സ കോഴിക്കോട് ചേവായൂർ കോമ്പസിറ്റ് റീജണൽ സെന്റർ ഫോർ പേർസൺസ് വിത്ത് ഡിസെബിലിറ്റീസ് (സി.ആർ.സി.) കേന്ദ്രത്തിൽ പ്രവർത്തനമാരംഭിച്ചു. കേന്ദ്ര സാമൂഹികനീതി ശാക്തീകരണ മന്ത്രി ത്ധാവർചന്ദ് ഗെഹ്‌ലോത് ഓൺലൈൻ ഉദ്ഘാടനം നിർവഹിച്ചു.
ഡെവലപ്‌മെന്റൽ തെറാപ്പി, ഒക്കുപ്പേഷനൽ തെറാപ്പി, ഫിസിയോതെറാപ്പി, സ്പീച്ച് ആൻഡ് ഹിയറിങ്, ഓഡിയോളജി, ക്ലിനിക്കൽ സൈക്കോളജി, സ്പെഷൽ എജ്യുക്കേഷൻ തുടങ്ങിയ വിഭാഗങ്ങളിലെ വിദഗ്ധരുടെ സേവനവും ഒപ്പം ശിശുരോഗം, ഫിസിക്കൽ മെഡിസിൻ, ബിഹേവിയറൽ മെഡിസിൻ തുടങ്ങിയ വിഭാഗങ്ങളിലെ ഡോക്ടർമാരുടെ സേവനവും ഇവിടെ ലഭിക്കും.
ജില്ലയിലെ പ്രധാന മാതൃശിശു ആശുപത്രി വിഭാഗങ്ങളുമായുള്ള സഹകരണത്തോടു കൂടിയുമായിരിക്കും കേന്ദ്രം പ്രവർത്തിക്കുക.
ട്രാൻസ് ഡിസിപ്ലിനറിതെറാപ്പി, മൾട്ടി ഡിസിപ്ലിനറിതെറാപ്പി, ഗ്രൂപ്പ് തെറാപ്പി തുടങ്ങിയ സംയോജിത തെറാപ്പി സേവനങ്ങളും പാരന്റൽ കൗൺസലിങ്ങും ഇവിടെയുണ്ട്.
എം.കെ. രാഘവൻ എം.പി.യുടെ ശ്രമഫലമായാണ് സി.ആർ.സി. സ്ഥാപിതമായത്. ഭാരത സർക്കാർ സാമൂഹികനീതി മന്ത്രാലയത്തിന്റെ ഭിന്നശേഷി ശാക്തീകരണവകുപ്പിന് കീഴിൽ ഏർളി ഇന്റർവെൻഷൻ സെന്റർ രാജ്യത്ത് ഏഴ് സ്ഥാപനങ്ങളിലേയുള്ളൂ.







