കുത്തിവെപ്പ് എടുക്കാത്തയാൾക്ക് വാക്സിൻ കിട്ടിയെന്ന് സന്ദേശം

കൂടരഞ്ഞി: കോവിഡ് വാക്സിൻ എടുക്കാതെ തന്നെ യുവാവിനു ഹരിയാനയിൽ നിന്നും വാക്സിൻ സ്വീകരിച്ചതായി മൊബൈൽ സന്ദേശം ലഭിച്ചു. കൂടരഞ്ഞി പഞ്ചായത്തിലെ കൂമ്പാറ സ്വദേശി വടക്കേടത്ത് സുനേഷ് ജോസഫി (35) നാണ് സന്ദേശം വന്നത്. ജൂൺ 29-നാണ് സുനേഷ് ജോസഫിന്റെ മൊബൈലിലേക്ക് താങ്കളുടെ കോവിഡ് വാക്സിന്റെ ഒന്നാം ഡോസ് വിജയകരമായി പൂർത്തിയായി എന്ന സന്ദേശം എത്തിയത്.
വാക്സിൻ ചെയ്യാൻ രജിസ്റ്റർ ചെയ്തതല്ലാതെ വാക്സിൻ സ്വീകരിക്കാത്ത തനിക്ക് എങ്ങനെയാണ് ഇങ്ങനെ ഒരു മെസേജ് വന്നത് എന്ന സംശയത്തോടെ അതിന്റെ ലിങ്കിൽ കയറി പ്രിന്റ് എടുത്തുനോക്കിയപ്പോൾ തന്റെ പാസ്പോർട്ട് നമ്പർ, പേര്, വയസ്സ്, ബെനഫിഷറി നമ്പർ എല്ലാം ശരിയാണ്.
ജൂൺ 29-ന് ഹരിയാനയിലെ പാൽറ പി.എച്ച്.സി. 1-ൽ നിന്നും കോവിഷീൽഡ് വാക്സിൻ സ്വീകരിച്ചു എന്നുമാണ് സർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തിയിരിക്കുന്നത്. വാക്സിൻ സ്വീകരിക്കാതെ വാക്സിൻ സ്വീകരിച്ചു എന്ന സർട്ടിഫിക്കറ്റ് ലഭിച്ച ആശങ്കയിലാണ് സുനേഷ് ജോസഫ്. ഹരിയാനയുമായി തനിക്ക് ഒരു ബന്ധവുമില്ലെന്ന് ഇദ്ദേഹം പറയുന്നു. സംഭവത്തിൽ ആരോഗ്യ വകുപ്പിന് പരാതി നൽകാൻ തയ്യാറെടുക്കുകയാണ് സുനേഷ് ജോസഫ്.






