തിരുവമ്പാടിക്ക് ആശ്വാസം; കോവിഡ് രോഗികൾ കുറയുന്നു

തിരുവമ്പാടി: ഗ്രാമപ്പഞ്ചായത്തിൽ കോവിഡ് രോഗികളുടെ എണ്ണം കുറയുന്നു. നിലവിൽ 53 പേരാണ് രോഗികളായുള്ളത്.
ഇതിൽ 36 പേർ വീടുകളിൽ കഴിയുന്നു. മലയോര പഞ്ചായത്തുകളിൽ കോവിഡ് പോസിറ്റീവ് ഏറ്റവുംകൂടുതൽ റിപ്പോർട്ട് ചെയ്ത പഞ്ചായത്തുകളിൽ ഒന്നാണ് തിരുവമ്പാടി. ഒരാഴ്ചവരെ നൂറിനുംമുകളിലായിരുന്നു രോഗികളുടെ എണ്ണം. ഈമാസം ഒന്നിന് മൂന്നുപേർക്കു മാത്രമാണ് രോഗം സ്ഥിരീകരിച്ചത്. രണ്ടിന് ആർക്കും റിപ്പോർട്ട് ചെയ്യപ്പെട്ടില്ല. മൂന്നിന് ഏഴുപേർക്ക് പോസിറ്റീവായി. ശനിയാഴ്ച ജില്ലാ മൊബൈൽ ടീം തമ്പലമണ്ണ അങ്കണവാടിയിൽവെച്ച് 92 പേരുടെ ആർ.ടി.പി.സി.ആർ. ടെസ്റ്റ് നടത്തി.
12,16 വാർഡുകളിൽ രണ്ടുവീതവും, 8, 10, 13 വാർഡുകളിൽ ഒന്നുവീതവും കോവിഡ്കേസുകളാണ് ശനിയാഴ്ച റിപ്പോർട്ടുചെയ്തത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറക്കാൻ എല്ലാവരും ജാഗ്രത പാലിക്കണമെന്ന പഞ്ചായത്ത് പ്രസിഡന്റ് മേഴ്‌സി പുളിക്കാട്ട് അഭ്യർഥിച്ചു.







