Kerala
കോവിഡ് മരണങ്ങൾ സർക്കാർ മറച്ചുവെച്ചിട്ടില്ല; പൂർണ പട്ടിക രണ്ടു ദിവസത്തിനകം പ്രസിദ്ധീകരിക്കുമെന്ന് മന്ത്രി വീണ ജോർജ്

തിരുവനന്തപുരം: ഡിസംബർ മുതലുള്ള കോവിഡ് മരണങ്ങളുടെ പൂർണ പട്ടിക രണ്ടു ദിവസത്തിനകം പ്രസിദ്ധീകരിക്കുമെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ്. ഇതിനായി പുതിയ സോഫ്റ്റ് വെയർ തയാറാക്കിയിട്ടുണ്ട്. സ്വകാര്യത സൂക്ഷിച്ച് കൊണ്ടാവും കണക്കുകൾ പ്രസിദ്ധീകരിക്കുകയെന്നും മന്ത്രി പറഞ്ഞു.
ജൂൺ 16ന് ശേഷമുള്ള മുഴുവൻ കോവിഡ് മരണങ്ങളും 24 മണിക്കൂറിനകം റിപ്പോർട്ട് ചെയ്യണമെന്ന് നിർദേശം നൽകിയിട്ടുണ്ട്. വിവരങ്ങൾ ഓൺലൈൻ അപ്ഡേഷനാണ് നടത്തുന്നത്. രേഖകളില്ലാത്തത് മൂലം ഒഴിവാക്കിയ കോവിഡ് മരണങ്ങൾ കൂടി എണ്ണത്തിൽ ഉൾപ്പെടുത്താൻ നിർദേശിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
കോവിഡ് ബാധിച്ച് മരിച്ചയാളുടെ വിവരം അതുപോലെ തന്നെ രേഖപ്പെടുത്തണമെന്നാണ് ആരോഗ്യ വകുപ്പിന്‍റെ നിലപാട്. കോവിഡ് മരണക്കണക്കുകൾ മറച്ചു വെച്ചിട്ടില്ലെന്നും വീണ ജോർജ് മാധ്യമങ്ങളോട് പറഞ്ഞു.







