Mukkam

മുക്കത്ത് പൈതൃക പാർക്ക് നിർമാണം പ്രഖ്യാപനത്തിലൊതുക്കി

മുക്കം: നഗരസഭയുടെ ടൂറിസംമേഖലയ്ക്ക് കരുത്താകുമെന്ന് കൊട്ടിഘോഷിച്ച പദ്ധതികൾ പ്രഖ്യാപനം കഴിഞ്ഞ് ഒരുവർഷം പിന്നിടുമ്പോഴും ഫയലിൽ ഉറങ്ങുന്നു. തുടർനടപടികൾ ഇല്ലാതായതോടെ, ബി.പി. മൊയ്തീന്റെ സ്മരണയ്ക്കായി തെയ്യത്തും കടവിൽ നഗരസഭ നിർമിച്ച പാർക്കും പൈതൃക പാർക്കാക്കുമെന്ന് പ്രഖ്യാപിച്ച അഗസ്ത്യൻമുഴിയിലെ ബ്രിട്ടീഷ് പാലവും കാടുമൂടി.

സാമൂഹികപ്രവർത്തകനായിരുന്ന ബി.പി. മൊയ്തീന്റെ അനശ്വര പ്രണയത്തെയും ജീവിതത്തെയും അടയാളപ്പെടുത്തുന്നരീതിയിൽ തെയ്യത്തുംകടവിൽ ഇരിപ്പിടങ്ങളും പുൽത്തകിടിയും അലങ്കാരദീപങ്ങളും സ്ഥാപിക്കുമെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ, ഒരുലക്ഷം രൂപ ചെലവിൽ ഇരിപ്പിടങ്ങളും മറ്റുമൊരുക്കി, പാർക്ക് ഉദ്ഘാടനം ചെയ്തതല്ലാതെ മറ്റു വികസന പ്രവൃത്തികളൊന്നും നടന്നില്ല. പാർക്ക് നിർമാണപ്രവൃത്തിയുടെ ഭാഗമായി തെയ്യത്തുംകടവിൽ കാഞ്ചനമാല നട്ട ഇലഞ്ഞിമരവും ആളുകൾക്ക് ഇരിക്കാൻ ഒരുക്കിയ ഇരിപ്പിടങ്ങളും കാടുമൂടിയ നിലയിലാണ്. മൊയ്തീന്റെ സ്മരണയ്ക്കായി നിർമിച്ച പാർക്കിനോടുള്ള നഗരസഭയുടെ അവഗണന മൊയ്തീനെ അവഹേളിക്കുന്നതിന് തുല്യമാണെന്ന് നാട്ടുകാർ പറയുന്നു.

ബ്രിട്ടീഷ് പട്ടാളക്കാരെയും ഉദ്യോഗസ്ഥരെയും മലയോര മേഖലകളിലെത്തിക്കാൻ അഗസ്ത്യൻമുഴിയിൽ നിർമിച്ച പാലം പൈതൃക പാർക്കാക്കുമെന്നായിരുന്നു പ്രഖ്യാപനം. ഇതിനായി നഗരസഭ പത്തുലക്ഷംരൂപ വകയിരുത്തുകയും ചെയ്തിരുന്നു. എന്നാൽ, പൈതൃക പാർക്ക് പ്രഖ്യാപനത്തിലൊതുങ്ങി. പൈതൃക പാർക്ക് പ്രഖ്യാപനത്തോടനുബന്ധിച്ച് ബ്രിട്ടീഷ് പാലത്തിന്റെയും പരിസരത്തെയും കാടുവെട്ടിത്തെളിച്ചിരുന്നു. തുടർനടപടികൾ ഇല്ലാതായതോടെ വീണ്ടും കാടുമൂടി.

എന്നാൽ, കൊയിലാണ്ടി-എടവണ്ണ സംസ്ഥാനപാത നവീകരണ പ്രവൃത്തികൾ നടക്കാനുള്ളതിനാൽ കെ.എസ്.ടി.പി. (കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് പ്രോജക്ട്) പൈതൃകപാർക്കിന് അനുമതി നിഷേധിച്ചതിനാലാണ് തുടർനടപടി സ്വീകരിക്കാതിരുന്നതെന്നാണ് നഗരസഭാ അധികൃതർ നൽകുന്ന വിശദീകരണം. തുടർ നടപടികൾ ഉണ്ടാവാതായതോടെ പാലവും പരിസരവും കാടുമൂടി. ഇതോടെ പാലത്തിൽ വീണ്ടും മാലിന്യം തള്ളാനും തുടങ്ങി. സാമൂഹികവിരുദ്ധരുടെ ശല്യവും പതിവായതായി നാട്ടുകാർ പറയുന്നു

Related Articles

Leave a Reply

Back to top button