Mukkam

തൂഫാൻ ഡ്രൈവ് അസംബ്ലി വിത്ത് എംഎൽഎ തിരുവമ്പാടി മണ്ഡലം തല പ്രഖ്യാപനം നടത്തി

മുക്കം: ലഹരി മാഫിയയുടെ വേരറുക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ ആരംഭിച്ച ഓപ്പറേഷൻ തൂഫാൻ ദ നാർക്കോ ഹണ്ട് പദ്ധതിക്ക് പിന്തുണയുമായി തിരുവമ്പാടി മണ്ഡലത്തിൽ കർമ്മപദ്ധതി തയ്യാറാക്കുന്നതിൻ്റെ ഭാഗമായി സംഘടിപ്പിക്കുന്ന തൂഫാൻ ഡ്രൈവ് അസംബ്ലി വിത്ത് എംഎൽഎ പ്രഖ്യാപനം കൂടരഞ്ഞിയിൽ നടന്നു.

മണ്ഡലത്തിലെ സ്കൂൾ പി.ടി.എ പ്രസിഡൻ്റുമാരും പ്രധാനാധ്യാപകരും പങ്കെടുത്ത യോഗത്തിലാണ് പ്രഖ്യാപനം നടന്നത്. കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ നടന്ന യോഗത്തിൽ സി.കെ കാസിം എം എൽ എ പ്രഖ്യാപനം നടത്തി. കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അംബിക മംഗലത്ത് അധ്യക്ഷത വഹിച്ചു. പ്രൊജക്റ്റ് കോ-ഓർഡിനേറ്റർ ടി.പി അബൂബക്കർ പദ്ധതി വിശദീകരണം നടത്തി.

ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റുമാരായ ബോബി ഷിബു, ജിതിൻ പല്ലാട്ട്, ടി. കവിത, കൂടരഞ്ഞി വൈസ് പ്രസിഡൻ്റ് ജോർജ്കുട്ടി കക്കാടംപൊയിൽ,ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ജിമ്മി ജോസ് പൈമ്പിള്ളി, മുഹമ്മദ് വട്ടപ്പറമ്പൻ, തിരുവമ്പാടി ഇൻസ്പെക്ടർ നിഷാദ്, താമരശ്ശേരി എക്സൈസ് ഇൻസ്പെക്ടർ ഇ.പി വിപിൻ, മുക്കം എ ഇ ഒ ടി.ദീപ്തി, നാസർ ചെറുവാടി, ആയിഷാബി ഷിയാസ്, അഡ്വ.സുരേഷ് ബാബു ജയിംസ് വേളാശ്ശേരി , നിസാറ ബീഗം തുടങ്ങിയവർ സംസാരിച്ചു.
ജില്ലയുടെ കിഴക്കൻ മേഖലയെ പൂർണ്ണമായും ലഹരി മാഫിയയുടെ കൈകളിൽ നിന്നും രക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് സി.കെ കാസിം എം എൽ എ യുടെ നേതൃത്വത്തിൽ വിവിധ പദ്ധതികൾ നടപ്പാക്കുന്നത്.ഇതിൻ്റെ ആദ്യ ഘട്ടമായാണ് തൂഫാൻ ഡ്രൈവ്
അസംബ്ലി വിത്ത് എം എൽ എ എന്ന പേരിൽ പദ്ധതിയാരംഭിക്കുന്നത്.

ഈ മാസം 23, 24 തിയ്യതികളിലായിമണ്ഡലത്തിലെ മുഴുവൻ തദ്ദേശ സ്ഥാപനങ്ങളിലും തെരഞ്ഞെടുത്ത സ്കൂളുകളിൽ സന്ദർശനം നടത്തും. എം എൽ എ, പോലീസ്, എക്സൈസ്, ജനപ്രതിനിധികൾ അടങ്ങുന്ന സംഘമാണ് പര്യടനം നടത്തുക.ആദ്യ ദിവസം പുതുപ്പാടിയിൽ നിന്നാരംഭിച്ച് കോടഞ്ചേരി, കൂടരഞ്ഞി പഞ്ചായത്തുകളിൽ സന്ദർശനം നടത്തി തിരുവമ്പാടിയിൽ സമാപിക്കും.രണ്ടാം ദിവസം കൊടിയത്തൂരിൽ നിന്നാരംഭിച്ച് കാരശ്ശേരിയിലെ സന്ദർശനത്തിന് ശേഷം മുക്കത്ത് സമാപിക്കും. തെരെഞ്ഞെടുത്ത സ്കൂളുകൾക്ക് പുറമെ മുഴുവൻ സ്കൂളുകളിലും പ്രതിജ്ഞയെടുക്കുകയും ലഹരി വിരുദ്ധ സന്ദേശം കൈമാറുകയും ചെയ്യും. കുട്ടികൾക്ക് ലഘുലേഖകളും വിതരണം ചെയ്യും.

തുടർന്നുള്ള ദിവസങ്ങളിൽവിദ്യാർത്ഥികൾക്കായി ലഹരി വിരുദ്ധ റീൽസ് മത്സരവും നടത്തും.സ്കൂൾ തലങ്ങളിലും തദ്ദേശ സ്ഥാപന തലങ്ങളിലും നിയോജക മണ്ഡലം തലത്തിലും വിജയിക്കുന്നവർക്ക് സമ്മാനങ്ങളും നൽകും. വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും ജനപ്രതിനിധികളും അടങ്ങുന്ന തൂഫാൻ വാരിയർ ടീമിനെ സ്കൂളുകൾ കേന്ദ്രീകരിച്ച് രൂപീകരിച്ച് ലഹരി മാഫിയക്കെതിരായ പ്രവർത്തനങ്ങളിൽ പൊതു സമൂഹത്തിൻ്റെ ഇടപെടലും പിന്തുണയും ഉറപ്പ് വരുത്തുകയും ചെയ്യും. വീടുകളിൽ നിന്നാണ് ബോധവൽക്കരണം ആദ്യം ആരംഭിക്കേണ്ടതെന്ന തിരിച്ചറിവിൽ വനിതകളുടെ പങ്കാളിത്തം ഉറപ്പ് വരുത്തുന്നതിനായി കുടുംബശ്രീ സി ഡി എസ്, എഡിഎസ് ഭാരവാഹികളെ പങ്കാളികളാക്കി പ്രവർത്തനം വിപുലപ്പെടുത്തുകയും ചെയ്യും

Related Articles

Leave a Reply

Back to top button