Kerala

ആറുവയസുകാരി ഷാള്‍ കുരുങ്ങി മരിച്ചതല്ല, കൊലപാതകം; പെൺകുട്ടി ക്രൂരമായ പിഡനത്തിരയായി

വണ്ടിപ്പെരിയാർ: ആറുവയസ്സുകാരിയുടെ മരണം കൊലപാതകം എന്ന് കണ്ടെത്തി പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തപ്പോൾ നാട് നടുങ്ങി. കേട്ടാൽ ആരുടെയും കണ്ണ് നനയിക്കുന്ന ക്രൂര പീഡനമാണ് 3 വയസ്സുമുതൽ ചുരക്കുളം എസ്റ്റേറ്റിലെ കുട്ടി നേരിടേണ്ടിവന്നത്. ഒടുവിൽ കഴുത്തിൽ കയറുമുറുക്കി ആ കുഞ്ഞുമോളെ കൊന്നുകളഞ്ഞ ശേഷം പ്രതി അർജുൻ (22) എസ്റ്റേറ്റിലെ ലയത്തിൽ സമാധാനത്തോടെ താമസിച്ചു.

കൊല്ലപ്പെട്ട പെൺകുട്ടിയെ മൂന്നു വർഷത്തോളം പ്രതി അർജുൻ പീഡിപ്പിച്ചിരുന്നതായി പൊലീസ് പറയുന്നു. മിക്ക ദിവസങ്ങളിലും ഇയാൾ കുട്ടിക്ക് മിഠായി വാങ്ങി നൽകിയിരുന്നു. അശ്ലീല വിഡിയോകൾ പതിവായി കാണുന്ന അർജുൻ കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയിരുന്നതായി പോസ്റ്റുമോർട്ടത്തിൽ കണ്ടെത്തി.

30ന് പകൽ പെൺകുട്ടി വീട്ടിൽ ഒറ്റയ്ക്കാണെന്ന് മനസ്സിലാക്കി അർജുൻ സുഹൃത്തുക്കളുടെ കണ്ണുവെട്ടിച്ചു ലയത്തിലെ മുറിയിൽ കയറി. ഈ സമയം കുട്ടിയുടെ സഹോദരൻ ഉൾപ്പെടെ ഇയാളുടെ സുഹൃത്തുക്കൾ സമീപത്ത് മുടി വെട്ടിക്കുകയായിരുന്നു.

ക്രൂരമായ പീഡത്തിനിടെ പെൺകുട്ടി ബോധരഹിതയായി വീണു. എന്നാൽ കുട്ടി മരിച്ചു എന്നു കരുതിയ അർജുൻ മുറിയിൽ കെട്ടിയിട്ടിരുന്ന കയറിൽ കെട്ടിത്തൂക്കി. ഇതിനിടെ പെൺകുട്ടി കണ്ണ് തുറന്നിരുന്നു എന്ന് ചോദ്യം ചെയ്യലിനിടെ അർജുൻ പൊലീസിനോടു വെളിപ്പെടുത്തി. 

മരണം ഉറപ്പു വരുത്തിയശേഷം മുൻവശത്തെ കതക് അടച്ചിട്ടു. തുടർന്ന് ജനാല വഴി ചാടി രക്ഷപ്പെടുകയായിരുന്നു. മൂന്നു മണിയോടെ കുട്ടിയുടെ സഹോദരൻ വീട്ടിൽ എത്തിയപ്പോൾ ആണ് സംഭവം കണ്ടത്. വീട്ടിൽനിന്നു നിലവിളി ഉയർന്നതിനു പിന്നാലെ ഇവിടേക്ക് ഓടി എത്തിയവരുടെ കൂട്ടത്തിൽ അർജുനും ഉണ്ടായിരുന്നു. 

മരണ വീട്ടിൽ പന്തൽ കെട്ടുന്നതിനു പടുത വാങ്ങി കൊണ്ടു വന്ന അർജുൻ സംസ്കാര ചടങ്ങുകൾക്ക് ഇടയിലും ശേഷവും കുട്ടിയുടെ വേർപാടിൽ മനംനൊന്ത് വിലപിച്ചിരുന്നതായി നാട്ടുകാർ പറഞ്ഞു. കളിക്കുന്നതിനിടെ ഷാൾ കഴുത്തിൽ കുരുങ്ങി കുട്ടി മരിച്ചതെന്ന പ്രചാരണം ശക്തമായി. ഇതു തനിക്ക് തുണയാകുമെന്ന് അർജുൻ കരുതിയിരുന്നതായി പൊലീസ് പറഞ്ഞു.

മനസ്സിൽ മുഴുവൻ കൊടും ക്രൂരത ഒളിപ്പിച്ചു വച്ച ശേഷം നാട്ടിൽ ജനകീയ പരിവേഷത്തിൽ ആണ് അർജുൻ വിലസിയിരുന്നത്. സംസ്കാര ചടങ്ങിനിടെ പെൺകുട്ടിയുടെ വേർപാടിന്റെ ദുഃഖം വിളിച്ചുപറഞ്ഞു പലതവണ അലമുറയിട്ടു കരഞ്ഞു.കുട്ടിയുടെ മരണാനന്തര ചടങ്ങുകളിലും സജീവമായി പങ്കെടുത്ത ഇയാളെ ഇതിനു പിന്നാലെ ആണ് പൊലീസ് ചോദ്യം ചെയ്യാൻ കസ്റ്റഡിയിൽ എടുത്തത്.

ഡിവൈഎഫ്ഐ പ്രാദേശിക നേതാവ് ആയിരുന്ന അർജുൻ ചുരക്കുളം എസ്റ്റേറ്റിലും പരിസരങ്ങളിലും അറിയപ്പെടുന്ന പൊതു പ്രവർത്തകനാണ്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു.അടുത്തിടെ ഡിവൈഎഫ്ഐ സംഘടിപ്പിച്ച റീ സൈക്കിൾ ‌ശേഖരണ പരിപാടിയുടെ പ്രവർത്തനങ്ങളിൽ മുൻനിരക്കാരൻ ആയി വീടുകളിൽ എത്തി സാധനങ്ങൾ സംഘടിപ്പിച്ചതു ഇയാളെന്ന് നാട്ടുകാർ ഓർത്തെടുക്കുന്നു. ഇതുമായി ബന്ധപ്പെട്ട നിരവധി ചിത്രങ്ങളാണ് ഇയാൾ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.

പ്രതി അർജുനെ തെളിവെടുപ്പിനായി എത്തിച്ചപ്പോൾ.പാർട്ടി ജാഥകളിലും പ്രവർത്തനങ്ങളിലും സജീവമായി പങ്കെടുത്തിരുന്ന ഇയാൾ ഇത്തരം ചിത്രങ്ങളും പതിവായി പങ്കുവച്ചിട്ടുണ്ട്. വണ്ടിപ്പെരിയാറിലെ കുറിയർ കമ്പനിയിലെ ജീവനക്കാരനായും ജോലി ചെയ്തിരുന്നു

Related Articles

Leave a Reply

Back to top button