Kerala

സംസ്ഥാനത്ത് വാക്സീൻ സ്റ്റോക്ക് തീർന്നു, സർക്കാർ മേഖലയിലെ വാക്സിനേഷൻ പൂർണമായും മുടങ്ങും

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ മേഖ‌ലയിലെ കൊവിഡ് വാക്സീൻ വിതരണം പ്രതിസന്ധിയിലേക്ക്. സംസ്ഥാനത്ത് സർക്കാർ കൈവശം വാക്സീൻ സ്റ്റോക്ക് പൂർണമായും തീർന്നു. തിരുവനന്തപുരം,കൊല്ലം ജില്ലകളിൽ ഇന്ന് സർക്കാർ മേഖലയിൽ വാക്സിനേഷൻ പൂർണമായും നിർത്തിവച്ചിരിക്കുകയാണ്. നാളെ മുതൽ സംസ്ഥാനത്തൊട്ടാകെ വാക്സിനേഷൻ നിർത്തേണ്ടിവരും. അതേസമയം സ്വകാര്യ മേഖലയിൽ വാക്സിനേഷൻ നടക്കുന്നുമുണ്ട്. 

ഇന്നോ നാളെയോ കേരളത്തിലേക്ക് കേന്ദ്രത്തിൽ നിന്ന് വാക്സീൻ കിട്ടാൻ സാധ്യതയില്ല. ഇരുപത്തി ഒമ്പതാം തിയതിയേ അടുത്ത സ്റ്റോക്ക് എത്തുവെന്നാണ് ഇപ്പോൾ കിട്ടിയിരിക്കുന്ന അറിയിപ്പ്. അങ്ങനെയെങ്കിൽ രണ്ടുദിവസം സർക്കാർ സംവിധാനം വഴിയുള്ള വാക്സീൻ വിതരണം പൂർണമായും മുടങ്ങും. 

ശനിയാഴ്ച 1522 വാക്സിനേഷൻ കേന്ദ്രങ്ങളിൽ നിന്നായി നാല് ലക്ഷത്തി അമ്പത്തി മൂവായിരത്തി മുന്നൂറ്റി മുപ്പത്തി ഒമ്പത് പേർക്കാണ് വാക്സീൻ നൽകിയത്. ഇത് റെക്കോർഡായിരുന്നു. 

കേരളത്തിൽ പതിനെട്ട് വയസിന് മുകളിലുള്ള 1.48കോടിപേർക്ക് ഇതുവരെ ആദ്യ ഡോസ് കുത്തിവയ്പ് പോലും കിട്ടിയിട്ടില്ല. നാൽപത്തിയഞ്ച് വയസിന് മുകളിലുള്ളവരിൽ കാൽക്കോടിയിലേറെപ്പേരും ആദ്യ ഡോസിനായി കാത്തിരിക്കുകയാണ്. ഈ മാസം പതിനേഴാം തിയതിയാണ് അവസാനമായി വാക്സീൻ എത്തിയത്. അഞ്ച് ലക്ഷത്തി അമ്പത്തിനാലായിരത്തി മുന്നൂറ്റി തൊണ്ണൂറ് ഡോസാണ് അന്നെത്തിയത്.

കൃത്യമായ രീതിയിൽ കൂടുതൽ ഡോസ് വാക്സീൻ കേരളത്തിന്  അനുവദിക്കണമെന്നാവ‌ശ്യം മുഖ്യമന്ത്രി തന്നെ പ്രധാനമന്ത്രിയെ അറിയിച്ചെങ്കിലും നടപടി ഉണ്ടായിട്ടില്ല. ആഗസ്ത് മാസത്തിനുള്ളിൽ കേരളത്തിന് 60 ലക്ഷം ഡോസ് വാക്സിൻ അനുവദിക്കണമെന്നാണ് മുഖ്യമന്ത്രി ഈ മാസം പതിനൊന്നിന് പ്രധാനമന്ത്രിക്ക് അയച്ച കത്തി. ആവശ്യപ്പെട്ടിരുന്നത്. 

മൂന്നാം തരം​ഗ ഭീഷണി നിലനിൽക്കേ പരാവധി ആളുകളിൽ എത്രയും വേ​ഗം ഒരു ഡോസ് വാക്സീൻ എങ്കിലും എത്തിക്കാനായില്ലെങ്കിൽ അത് ​ഗുരുതര പ്രത്യാഘാതമുണ്ടാക്കിയേക്കാമെന്നാണ് വിദ​ഗ്ധരുടെ മുന്നറിയിപ്പ്.

Related Articles

Leave a Reply

Back to top button