അറിവരങ്ങ് പദ്ധതിയുമായി ആനക്കാംപൊയിൽ സെന്റ് മേരീസ് യുപി സ്കൂൾ

തിരുവമ്പാടി: ആനക്കാംപൊയിൽ. വിദ്യാർഥികളിൽ പൊതു വിജ്ഞാനവും പഠന താൽപര്യവും വളർത്തുന്നതിനായി ആനക്കാംപൊയിൽ സെന്റ് മേരീസ് യുപി സ്കൂൾ ഈ അധ്യയന വർഷം ആരംഭിച്ച തനത് പ്രവർത്തനമാണ് അറിവരങ്ങ് പദ്ധതി. അറിവരങ്ങ് പദ്ധതി പ്രകാരം എല്ലാ ദിവസവും വിദ്യാർഥികൾക്ക് പൊതു വിവരങ്ങൾ ഓൺലൈനായി നൽകും, തുടർന്ന് ആഴ്ചയിലൊരു ദിവസം ക്വിസ് മത്സരവും മാസാവസാനം മെഗാ ക്വിസ് മത്സരവും സംഘടിപ്പിക്കും
വർഷം മുഴുവൻ നീളുന്ന അറിവരങ്ങ് പദ്ധതിയുടെ ആദ്യ മെഗാ ക്വിസ് മത്സരത്തിൽ വിജയികളായ വിദ്യാർഥികളെയും രക്ഷിതാക്കളെയും ആദരിക്കുന്ന ചടങ്ങിന്റെ ഉദ്ഘാടനം സ്കൂൾ മാനേജർ ഫാ.അഗസ്റ്റിൻ ആലുങ്കൽ നിർവഹിച്ചു വിജയികൾക്ക് സമ്മാനങ്ങൾ സ്പോൺസർ ചെയ്ത തിരുവമ്പാടി റോട്ടറി ക്ലബിന്റെ പ്രസിഡന്റ് നിധിൻ ജോയി വിജയികളെ ആദരിച്ചു.
പി ടി എ പ്രസിഡന്റ് ബിജു കുന്നത്തു പൊതിയിൽ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകൻ ജെയിംസ് ജോഷി, റോട്ടറി ക്ലബ് ഭാരവാഹികളായ ഡോ. ബെസ്റ്റി ജോസ് , എ ജെ തോമസ്, പി ടി ഹാരിസ്, ഡോ.എൻ എസ് സന്തോഷ്, സ്റ്റാഫ് സെക്രട്ടറി ആലിസ് വി തോമസ് എന്നിവർ പ്രസംഗിച്ചു.
മെഗാ ക്വിസ് മത്സരത്തിൽ ദിവിജ അൽഫോൻസ ഹെന, മുഹമ്മദ് ഷാമിൽ , ആൻ മരിയ അഗസ്റ്റിൻ എന്നീ വിദ്യാർഥികളും ബിനിത ജേക്കബ്, ഷഹർബാൻജയ്ഫർ, മേരി അഗസ്റ്റിൻ എന്നീ രക്ഷിതാക്കളും വിജയികളായി. ഒന്ന്, രണ്ട് , മൂന്ന് റൗണ്ടുകളിലെ ക്വിസ് മത്സര വിജയികളെയും ആദരിച്ചു. അധ്യാപകരായ എബി ദേവസ്യ, ജസ്റ്റിൻ പോൾ, സിസ്റ്റർ ഷൈനി മാത്യു, എൻ ജെ ദീപ , സിസ്റ്റർ ജീന തോമസ്, റീനു സ്കറിയ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.







