Kerala

തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ ഉത്തരവാദി സഹപ്രവർത്തകനെന്ന് മകനോട് പറഞ്ഞു; രണ്ട് ദിവസത്തിന് ശേഷം അധ്യാപികയുടെ മൃതദേഹം വികൃതമാക്കി, മുടി മുറിച്ച് മാറ്റിയ നിലയിൽ കടപ്പുറത്ത്

കുമ്പള: കണാതായ അധ്യാപികയുടെ മൃതദേഹം രണ്ടുദിവസത്തിനു ശേഷം കുമ്പള പെർവാട് കടപ്പുറത്ത് അഴുകിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത വർധിക്കുന്നു. മഞ്ചേശ്വരം മിയാപദവ് സ്‌കൂളിലെ അധ്യാപികയായ രൂപശ്രീയുടെ മൃതദേഹമാണ് കണ്ടെത്തിയത്. അധ്യാപികയുടെ മരണത്തിന് പിന്നിൽ സഹപ്രവർത്തകനായ ഒരു അധ്യാപകനാണെന്ന് കുടുംബത്തിന്റെ ആരോപണം.

അധ്യാപികയെ സഹപ്രവർത്തകൻ നിരന്തരം ശല്യപ്പെടുത്തിയിരുന്നുവെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. അധ്യാപികയുടെ മരണത്തിൽ ഇയാൾക്ക് പങ്കുണ്ടെന്നും ബന്ധുക്കൾ ആരോപിക്കുന്നുണ്ട്. ദിവസങ്ങളായി അമ്മ ആകെ ഭയത്തിലായിരുന്നുവെന്നും എന്തെങ്കിലും തനിക്ക് സംഭവിച്ചാൽ സഹപ്രവർത്തകനായ അധ്യാപകനായിരിക്കും ഉത്തരവാദിയെന്നും അമ്മ സൂചിപ്പിച്ചിരുന്നുവെന്നാണ് രൂപശ്രീയുടെ മകൻ കൃതികിന്റെ മൊഴി.

അതേസമയം അന്വേഷണത്തിന്റെ ഭാഗമായി രൂപശ്രീയുടെ സഹപ്രവർത്തകനായ അധ്യാപകനെ പോലീസ് ചോദ്യം ചെയ്തു. എന്നാല് ഇയാളിൽ നിന്ന് കൊലപാതകത്തിലേക്ക് വിരൽചൂണ്ടുന്ന തെളിവുകൾ ലഭിച്ചില്ലെന്നാണ് പോലീസ് പറയുന്നത്. അധ്യാപികയായ രൂപശ്രീയെ ഈ മാസം പതിനാറിനാണ് കാണാതായത്. തുടർന്ന് രൂപശ്രീയുടെ ഭർത്താവ് ചന്ദ്രശേഖരൻ നൽകിയ പരാതിയിൽ പോലീസ് അന്വേഷണം നടത്തുന്നതിനിടയിലാണ് കുമ്പള കടപ്പറത്ത് അഴുകിയ നിലയിൽ അധ്യാപികയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിൽ നിന്നും മുടി മുറിച്ചെടുത്ത നിലയിലുമായിരുന്നു.

Related Articles

Leave a Reply

Back to top button