തിരുവമ്പാടിയിലെ വെള്ളക്കെട്ടിന് പരിഹാരമാകുന്നു

തിരുവമ്പാടി: മഴയെത്തുംമുമ്പെ നഗരത്തിലെ വെള്ളക്കെട്ട് പ്രശ്നത്തിന് ശാശ്വത പരിഹാരം വേണമെന്ന നാട്ടുകാരുരുടെയും വ്യാപാരികളുടെയും മുറവിളിക്കുമുമ്പിൽ ഒടുവിൽ വഴങ്ങി പഞ്ചായത്ത് അധികൃതർ.
വെള്ളക്കെട്ടിന് ശാശ്വതപരിഹാരമായി കൂടുതൽ വിസ്താരത്തോടെ അഴുക്കുചാൽ നിർമാണം ആരംഭിച്ചു.
ബസ് സ്റ്റാൻഡ് കവാടത്തിലാണ് നിർമാണപ്രവൃത്തികൾ നടക്കുന്നത്. ഉയരംകൂടിയ ഭാഗങ്ങളിൽനിന്ന് ഒഴുകിയെത്തുന്ന മാലിന്യം കൂടരഞ്ഞി റോഡ് പരിസരത്തെ തോട്ടിലേക്ക് ഒഴുക്കിവിടാൻ പാകത്തിലാണ് പുതിയ അഴുക്കുചാൽ സംവിധാനം. ബസ് സ്റ്റാൻഡ് കവാടത്തിൽ കൂടരഞ്ഞി റോഡിലാണ് നിലവിൽ പ്രവൃത്തി നടക്കുന്നത്. അടുത്ത ആഴ്ച ബസ് സ്റ്റാൻഡിന്റെ മറുഭാഗത്തെ പ്രവേശനകവാടത്തിൽനിന്ന് അഴുക്കുചാൽ പ്രവൃത്തി ആരംഭിക്കും. രണ്ടാഴ്ചയ്ക്കകം നിർമാണം പൂർത്തിയാക്കുമെന്ന് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് മേഴ്‌സി പുളിക്കാട്ട് അറിയിച്ചു.
അഞ്ചുലക്ഷം രൂപ പഞ്ചായത്ത് ഫണ്ട് വിനിയോഗിച്ചാണ് പ്രാഥമികഘട്ട പ്രവൃത്തികൾ നടക്കുന്നത്. 20 ലക്ഷംരൂപ ശുചിത്വഫണ്ട് ഉപയോഗിച്ചുള്ള പ്രവൃത്തി ഉടനെ ആരംഭിക്കും. ഇതോടെ നഗത്തിലെ വെള്ളക്കെട്ടിന് ശാശ്വതപരിഹാരമാകുമെന്നും പ്രസിഡന്റ് വ്യക്തമാക്കി.
2018-ലും 19-ലും ഉണ്ടായ മഹാപ്രളയത്തിൽ ദിവസങ്ങളോളം വെള്ളത്തിലായിരുന്നു ഈ അങ്ങാടി. കോടികളുടെ നഷ്ടമാണ് അന്ന് വ്യാപാരികൾക്കുണ്ടായത്. മഴക്കാലത്ത് സമീപ പ്രദേശങ്ങളിൽനിന്നുള്ള വെള്ളം ടൗണിലേക്ക് കുത്തിയൊലിച്ച് ഒഴുകിപ്പോകാതെ തളംകെട്ടിക്കിടക്കും.
അശാസ്ത്രീയമായ അഴുക്കുചാൽ സംവിധാനമായിരുന്നു ഇതിനു കാരണം. മൂന്നരവർഷംമുമ്പ് അന്നത്തെ എം.എൽ.എ. ജോർജ് എം. തോമസ് മുൻകൈയെടുത്ത് 3.5 കോടിരൂപ ചെലവ് പ്രതീക്ഷിക്കുന്ന മാസ്റ്റർപ്ലാൻ മുന്നോട്ട് വെച്ചിരുന്നു. തുടർനടപടിയുണ്ടായില്ല. ഈ പദ്ധതി കൂടുതൽ വിപുലമാക്കി നടപ്പാക്കുമെന്ന് ലിന്റോ ജോസഫ് എം.എൽ.എ.യും അറിയിച്ചിരുന്നു. ഇതിനിടെ വെള്ളക്കെട്ട് പരിഹരിക്കുന്ന കാര്യത്തിൽ പഞ്ചായത്ത് അലംഭാവം തുടരുന്നതിനെതിരേ എൽ.ഡി.എഫ്. ഒട്ടേറെ സമരപരിപാടികൾ നടത്തിയിരുന്നു. നവീകരണപ്രവൃത്തി നടക്കുന്ന കൈതപ്പൊയിൽ-അഗസ്ത്യൻമൂഴി റോഡിന്റെ ഭാഗമായുള്ള അഴുക്കുചാൽ നിർമാണം അശാസ്ത്രീയമാണെന്ന ആക്ഷേപവും ഉയർന്നു. നാലു ദിക്കുകളിൽനിന്നും താഴ്ന്നു കിടക്കുന്നതിനാലാണ് അങ്ങാടി എളുപ്പം വെള്ളക്കെട്ടിലകപ്പെടുന്നത്.
കൂടുതൽ വിസ്താരമുള്ള അഴുക്കുചാൽ നിർമാണത്തിലൂടെ മാത്രമേ ഇതിന് പരിഹാരം കാണാൻ കഴിയൂ. സമീപത്തെ തണ്ണീർത്തടങ്ങൾ മണ്ണിട്ട് നികത്തിയതും വെള്ളക്കെട്ട് പ്രശ്നം രൂക്ഷമാക്കാനിടയാക്കി







