കോടഞ്ചേരി; തെയ്യപ്പാറയില്‍ വീട്ടമ്മയെ കാണാനില്ല; ഡോഗ് സ്‌ക്വാഡ് തിരച്ചിൽ നടത്തി

കോടഞ്ചേരി: കോടഞ്ചേരി തെയ്യപ്പാറയില്‍ വീട്ടമ്മയെ കാണാതായി. തേവര്‍മല വേങ്ങത്താനത്ത് ഏലിയാമ്മയെയാണ് (78) വീട്ടില്‍ നിന്ന് കാണാതായത്. ശനിയാഴ്ച വൈകിട്ട് നാല് മണിയോടെയാണ് ഇവരെ കാണാതായത്. ഉടന്‍ തന്നെ പ്രദേശവാസികളുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചിരുന്നു.
ഇന്ന് രാവിലെ കോടഞ്ചേരി പോലീസിന്റെ നേതൃത്വത്തില്‍ ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി അന്വേഷണം നടത്തി. ഒറ്റപ്പെട്ട പ്രദേശത്താണ് ഇവര്‍ താമസിച്ചിരുന്നത്. വീട്ടില്‍ നിന്ന് സമീപത്തെ തോട്ടങ്ങളിലൂടെ താഴെയെത്തിയ പോലീസ് നായ കോടഞ്ചേരി തെയ്യപ്പാറ റോഡിലെ സിക്ക് വളവ് വരെ എത്തി നിന്നു. ഇവിടെ നിന്ന് എങ്ങോട്ട് പോയി എന്നതിനെ കുറിച്ച് യാതൊരു വിവരവും ലഭിച്ചട്ടില്ല.
വീട്ടിലുള്ളവര്‍ പുറത്തേക്ക് പോയ സമയത്താണ് ഇവരെ കാണാതായത്. കാണാതാവുമ്പോള്‍ വയലറ്റ് നിറത്തിലുള്ള വസ്ത്രമാണ് ധരിച്ചിരിക്കുന്നത്. ഇവരെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 9495660685 എന്ന നമ്പറിലോ, തൊട്ടടുത്ത പോലീസ് സ്റ്റേഷനിലോ അറിയിക്കണം എന്ന് കോടഞ്ചേരി പോലീസ് പറഞ്ഞു.







