മലയാളി നഴ്സിന് കൊറോണ വൈറസ് ബാധ; സംഭവം ഗൗരവത്തോടെ കാണണമെന്ന് വിദേശകാര്യമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്

തിരുവനന്തപുരം: ചൈന ഉള്‍പ്പെടെയുള്ള എട്ട് രാജ്യങ്ങളില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഭീതിയിലായി മറ്റ് രാജ്യങ്ങള്‍. അതേസമയം, സൗദി അറേബ്യയില്‍ മലയാളി നഴ്സിന് കൊറോണ വൈറസ് ബാധയുണ്ടായ സംഭവം ഗൗരവത്തോടെ കാണണമെന്നും നടപടി സ്വീകരിക്കണമെന്നും അഭ്യര്‍ത്ഥിച്ച് മുഖ്യമന്ത്രി പിണറായി വിജയന് കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന് കത്തയച്ചു.
അസിര്‍ അബാ അല്‍ ഹയാത്ത് ആശുപത്രിയിലെ നഴ്സുമാര്‍ക്ക് കൊറോണ വൈറസ് ബാധയുണ്ടായ സംഭവം ഗൗരവമായി കാണണെന്നും സൗദി സര്‍ക്കാരുമായി ബന്ധപ്പെട്ട്, രോഗബാധയുള്ളവര്‍ക്ക് വിദഗ്ധ ചികിത്സയും സംരക്ഷണവും ഉറപ്പുവരുത്തണമെന്നും മുഖ്യമന്ത്രി കത്തില്‍ ആവശ്യപ്പെട്ടു.
അസിര്‍ അബാ അല്‍ ഹയാത്ത് ആശുപത്രിയില്‍ നഴ്സായ കോട്ടയം ഏറ്റുമാനൂര്‍ സ്വദേശിനിക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇവരെ കൂടാതെ ഇതേ ആശുപത്രിയില്‍ ജോലി ചെയ്യുന്ന ഫിലീപ്പീന്‍ സ്വദേശിനിയായ നഴ്സിനും വൈറസ് ബാധ സ്ഥിരീകരിച്ചതായാണ് റിപ്പോര്‍ട്ട്. കൂടാതെ സൗദിയില്‍ 30 മലയാളി നഴ്സുമാര്‍ നിരീക്ഷണത്തിലാണ്.
അതേസമയം, ചെന ഉള്‍പ്പെടെയുള്ള എട്ട് രാജ്യങ്ങളില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ സംസ്ഥാനത്ത് അതീവ ജാഗ്രത നിര്‍ദേശം നല്‍കിയതായി ആരോഗ്യമന്ത്രി കെകെ ശൈലജ അറിയിച്ചു. കേരളത്തിലെ വിമാനത്താവളങ്ങള്‍ കേന്ദ്രീകരിച്ച് നിരീക്ഷണം ശക്തമാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ചൈനയില്‍ പോയി തിരിച്ചു വന്നവര്‍ അതത് ജില്ലാ മെഡിക്കല്‍ ഓഫീസറുമായി ബന്ധപ്പെടണമെന്നും എന്തെങ്കിലും രോഗ ലക്ഷണങ്ങള്‍ കണ്ടാല്‍ പ്രത്യേകമായി നിരീക്ഷിക്കുന്നതാണെന്നും മന്ത്രി പറഞ്ഞു.







