തിരുവമ്പാടി കെ.എസ്.ആർ.ടി.സി ഡിപ്പൊ സ്ഥലം ഗ്രാമപഞ്ചായത്ത് കൈമാറി

തിരുവമ്പാടി: മലയോര ജനത സ്വപ്ന പദ്ധതിയായ തിരുവമ്പാടി കെ.എസ്.ആർ.ടി.സി. ഓപ്പറേറ്റിംഗ് സെന്റർ വികസനത്തിന് ആവശ്യമായ സ്ഥലം തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് കെ.എസ് .ആർ.ടി.സിക്ക് കൈമാറി. തിരുവമ്പാടി നിയോജക മണ്ഡലം എം.എൽ.എ ലിന്റോ ജോസഫ് പരിപാടി ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ട് അദ്ധ്യക്ഷത വഹിച്ചു.
കെ.എസ്.ആർ.ടി.സി ഓപ്പറേറ്റിംഗ് സെന്ററിന്റെ വികസന പ്രവർത്തനങ്ങൾക്കാവശ്യമായ അടിസ്ഥാന സൗകര്യ മൊരുക്കുന്നതിനുള്ള സ്ഥലത്തിന്റെ പ്രമാണം തിരുവമ്പാടി ബസ് സ്റ്റാൻഡ് പരിസരത്ത് വച്ച് നടത്തിയ ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ട് കെ.എസ്.ആർ.ടി.സി സോണൽ ഓഫീസർ കെ.ടി. സെബിക്ക് കൈമാറി.
2008 ലാണ് കെ.എസ്.ആർ.ടി.സി ഡിപ്പോയുടെ വികസനത്തിനാവശ്യമായ സ്ഥലം കണ്ടെത്തുന്നതിനുള്ള പ്രവർത്തനം ആരംഭിച്ചത്. 2012 ൽ കെ.എസ്.ആർ.ടി.സി ഓപ്പറേറ്റിംഗ് സെന്ററിന് ആവശ്യമായ സ്ഥലം വാങ്ങുന്നതിന് തീരുമാനമെടുത്തു. സ്ഥലം വാങ്ങാൻ പണം ഇല്ലാത്ത സാഹചര്യത്തിൽ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തിരുവമ്പാടി യൂണിറ്റിനെ സഹായത്തോടെയാണ് തിരുവമ്പാടി ടൗണിനോട് ചേർന്ന് 1.75 ഏക്കർ സ്ഥലം 45 ലക്ഷം രൂപ മുടക്കി പഞ്ചായത്ത് പദ്ധതിക്കായി ഏറ്റെടുക്കുന്നത് ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ബിബിൻ ജോസഫ് റിപ്പോർട്ട് അവതരിപ്പിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു കളത്തൂർ, കോടഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ്, ജില്ലാ അംഗം ബോസ് ജേകബ്,രാമചന്ദ്രൻ കരിമ്പിൽ,റംല ചോലക്കൽ, പി.ടി. അഗസ്റ്റിൽ, കെ.എം.മുഹമ്മദലി, ടി.ജെ.കുര്യാച്ചൻ, ജോളി ജോസഫ് , റോബർട്ട് നെല്ലിക്കാ തെരുവിൽ, ജോയിക്കുട്ടി ലൂക്കോസ്, ജോയി മ്ലാങ്കുഴി, എബ്രഹാം മാനുവൽ, ജിജി ഇല്ലിക്കൽ, ജോയി തൊമരക്കാട്ടിൽ തുടങ്ങിയവർ സംസാരിച്ചു. വൈസ് പ്രസിഡന്റ് കെ.എ. അബ്ദുറഹിമാൻ സ്വാഗതവും വികസനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ ലീസി മാളിയേക്കൽ നന്ദിയും പറഞ്ഞു.







