പുതുപ്പാടി കുടുംബശ്രീ അഗ്രി ന്യൂട്രി ഗാര്‍ഡന്‍ പദ്ധതി ആരംഭിച്ചു

പുതുപ്പാടി: പുതുപ്പാടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി ഡി എസിന്റെ ആഭിമുഖ്യത്തില്‍ അഗ്രി ന്യൂട്രി ഗാര്‍ഡന്‍ പദ്ധതി ആരംഭിച്ചു. കുടുംബത്തിന്റെ പൂര്‍ണ്ണ ആരോഗ്യങ്ങള്‍ക്കായി കാര്‍ഷിക പോഷക ഉദ്യാനങ്ങള്‍ ഓരോ ഭവനത്തിലും എന്ന ലക്ഷ്യത്തോടെ കുടുംബശ്രീ മിഷന്‍ നടപ്പിലാക്കുന്നതാണ് അഗ്രി ന്യൂട്രി ഗാര്‍ഡന്‍ പദ്ധതി. ജൈവ കൃഷി രീതിയിലൂടെ വിഷ മുക്ത പച്ചക്കറി ഉല്‍പാദിപ്പിക്കുന്നത് പോഷക സമൃദ്ധമായ ഭക്ഷണം തയ്യാറാക്കുന്നതിനും ഇതിലൂടെ ആരോഗ്യകരമായ സമൂഹത്തെ സൃഷ്ടിക്കുകയുമാണ് ഈ പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത്.
കുറഞ്ഞത് 3 സെന്റ് മുതലുള്ള സ്ഥലത്ത് 5 ഇനം പച്ചക്കറികളും 2 ഇനം ഫല വൃക്ഷങ്ങളും കൃഷി ചെയ്ത് പോഷക സമൃദ്ധമായ പച്ചക്കറികള്‍, പഴ വര്‍ഗ്ഗങ്ങള്‍ എന്നിവയുടെ ലഭ്യത കുടുംബങ്ങളില്‍ എത്തിക്കാനാണ് അഗ്രി ന്യൂട്രി ഗാര്‍ഡന്‍ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഇതിനാവശ്യമായ പരിശീലനവും വിത്ത്, തൈകള്‍ എന്നിവ കുടുംബശ്രീ മിഷന്‍ മുഖേന സി ഡി എസ് നല്‍കുന്നതാണ്. ഓരൊ വാര്‍ഡിലും 50 വനിതകള്‍ അടങ്ങിയ ഗ്രൂപ്പ് ആണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.
ഈ ഗ്രൂപ്പിന് പ്രസിഡന്റ് വൈസ് പ്രസിഡന്റ്, സെക്രട്ടറി, ജോയിന്റ് സെക്രട്ടറി എന്നിവര്‍ ഉണ്ടാകുന്നതാണ്. ഗ്രൂപ്പ് അംഗങ്ങള്‍ക്കുള്ള പരിശീലനം റിസോഴ്സ് പേഴ്‌സണ്‍മാരുടെ നേതൃത്വത്തില്‍ ആരംഭിച്ചു. സി ഡി എസ് ചെയര്‍പേഴ്സണ്‍ ഷീബസജി, റിസോഴ്സ് പേഴ്‌സണ്‍മാരായ ആമിന മലയില്‍ ഷിജിവര്‍ഗീസ്,സുമതി സച്ചിദാനന്ദന്‍, സിന്ദു ഷാജി എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.







