കോടഞ്ചേരിയിൽ വാർഡ് തല നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

കോടഞ്ചേരി: തിമിര രഹിത കോടഞ്ചേരി എന്ന ലക്ഷ്യം കൈവരിക്കുന്നതിന്റെ ഭാഗമായി കോടഞ്ചേരി ഗ്രാമപഞ്ചായത്തും കെ.എം.സി.ടി മെഡിക്കൽ കോളേജും സംയുക്തമായി സംഘടിപ്പിക്കുന്ന വാർഡ് തല നേത്ര പരിശോധന ക്യാമ്പ് വലിയകൊല്ലിയിൽ നടന്നു.
വാർഡ് മെമ്പർ ചാൾസ് തയ്യലിന്റെ അധ്യക്ഷതയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അലക്സ് തോമസ് ചെമ്പകശ്ശേരി നേത്ര പരിശോധന ക്യാമ്പ് ഉദ്ഘാടനം ചെയ്തു. വാർഡ് വികസന സമിതി അംഗങ്ങളുടെ നേതൃത്വത്തിൽ വലിയകൊല്ലി പാരിഷ് ഹാളിൽ ക്യാമ്പിന് വേണ്ട സൗകര്യങ്ങൾ ഏർപ്പെടുത്തി.
മുതിർന്ന പൗരന്മാരുടെ കാഴ്ചശക്തി പരിശോധിക്കുവാനും ആവശ്യമായ ആളുകൾക്ക് സൗജന്യ ഓപ്പറേഷൻ അടക്കമുള്ള സൗകര്യങ്ങൾ ഒരുക്കുവാനും ക്യാമ്പ് മുഖേന സാധിക്കുമെന്നും വരും ദിവസങ്ങളിൽ ഗ്രാമപഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ മെമ്പർമാരുടെ നേതൃത്വത്തിൽ കെ.എം.സി.ടി ഹോസ്പിറ്റലിൽ നേത്രരോഗ വിഭാഗത്തിന്റെ സഹകരണത്തോടെ തിമിര രോഗനിർണയ ക്യാമ്പുകൾ സംഘടിപ്പിക്കുമെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അറിയിച്ചു.







