കുരോട്ടുപാറയിൽ പുലിയുടെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞു

കോടഞ്ചേരി: കൂരോട്ടുപാറ റിഗ്മി കേഴാപ്ലാക്കലിന്റെ വീട്ടുമുറ്റത്ത് പുലി എത്തിയ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞു.
കഴിഞ്ഞ രാത്രി (27-11-2026) 9.53 നാണ് പുലിയുടെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിരിക്കുന്നത്.വീടിന്റെ മുറ്റത്തെ നടപ്പാതയിലൂടെ പുലി പതുക്കെ നടന്നു വരുന്നതും, പിന്നീട് ചെടികൾക്കിടയിലേക്ക് കയറി മറയുന്നതുമാണ് ദൃശ്യങ്ങളിൽ കാണുന്നത്.നൈറ്റ് വിഷൻ ക്യാമറയിൽ പുലിയുടെ ശരീരത്തിലെ പുള്ളികളും, കണ്ണുകൾ തിളങ്ങുന്നതും വ്യക്തമായി കാണാം. കുറച്ചു നേരം മുറ്റത്ത് നിന്ന ശേഷമാണ് പുലി തൊട്ടടുത്ത പറമ്പിലേക്ക് പോയത്. ഈ സമയം വീട്ടിൽ പ്രായമായ അമ്മ മാത്രമാണ് ഉണ്ടായിരുന്നത്.ജനവാസ മേഖലയായ പ്രദേശത്ത് പുലിയെ കണ്ടത് ജനങ്ങളെ ഭീതിയിലാഴ്ത്തി. ആഴ്ചകൾക്കു മുൻപ് പ്രദേശത്ത് വളർത്തുനായയെ പിടിച്ചിരുന്നു.
ക്ഷീരകർഷകർ ധാരാളമുള്ള പ്രദേശത്ത് വളർത്തുമൃഗങ്ങളുടെ സംരക്ഷണവും ഉറപ്പുവരുത്തേണ്ടതുണ്ട്. അതിരാവിലെ ക്ഷീരകക്ഷകർ പാൽ നൽകുന്നതിനായി പ്രദേശത്തുകൂടി കടന്നു പോകുന്നുണ്ട്. അതിനാൽ അധികൃതരുടെ ഭാഗത്തുനിന്ന് ഇതിനു വേണ്ട മുൻകരുതൽ നടപടികൾ എത്രയും വേഗം എടുക്കേണ്ടത് അത്യാവശ്യമാണ്. കഴിഞ്ഞദിവസം മരുതിലാവിൽ വളർത്തു പോത്തിനെ പിടികൂടിയ പുലി വനംവകുപ്പിന്റെ ക്യാമറയിൽ കുടുങ്ങിയിരുന്നു.
ആൾതാമസം കുറഞ്ഞ മേഖലയിൽ വിജനമായ റോഡുകളിലൂടെ തനിയെയുള്ള കാൽനടയാത്രയും ഭീഷണി ഉയർത്തുകയാണ്. വിജനമായ റോഡിലൂടെ യാത്രചെയ്യുന്ന വിദ്യാർഥികൾക്ക് രക്ഷിതാക്കൾ അകമ്പടിപോകേണ്ട അവസ്ഥയാണ്. കാർഷി കപ്രവർത്തനങ്ങളെയും സ്ഥലത്തിന്റെ വിൽപ്പനയെയും പുലിശല്യം ബാധിക്കുന്നുവെന്ന് കർഷകർ പരിതപിക്കുന്നു.







